കുടിയേറ്റ നിയമ ലംഘകർക്ക് പൊതുമാപ്പ് പ്രഖ്യാപിച്ച് കുവൈത്ത്

കുവൈത്ത് സിറ്റി: കുവൈത്തിൽ കുടിയേറ്റ നിയമ ലംഘകർക്ക് പൊതുമാപ്പ് പ്രഖ്യാപിച്ചു. ഏപ്രിൽ ഒന്നു മുതൽ 30 വരെ നിയമ ലംഘകർക്ക് പിഴ കൂടാതെ രാജ്യം വിടാൻ അവസരം ലഭിക്കും. ഇത് സംബന്ധിച്ച ഉത്തരവ് കുവൈത്ത് ഉപ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ അനസ് അൽ സലേഹ് പുറപ്പെടുവിച്ചു. നിയമപരമായ തടസ്സങ്ങളില്ലാത്തവർക്ക് പിഴ കൂടാതെ സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങി പോകുന്നതിനും അതോടൊപ്പം പുതിയ ശരിയായ വിസയിൽ കുവൈത്തിലേക്ക് വീണ്ടും വരാവുന്നതുമാണ്.
യാത്രാ വിലക്കും കോടതി നടപടികൾ നേരിടുന്നവരും കുടിയേറ്റ വിഭാഗം ജനറൽ അഡ്മിനിസ്ട്രേഷൻ അധികൃതരെ സമീപിച്ചു കേസിന്റെ നടപടികൾ പുനഃക്രമീകരിക്കാവുന്നതാണ്. ക്രിമിനൽ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടവർക്ക് പൊതുമാപ്പ് ആനുകൂല്യം ലഭിക്കുന്നതല്ല. താമസരേഖ കാലാവധി കഴിഞ്ഞവരും സ്പോൺസറിൽ നിന്നും ഒളിച്ചോടിയവരുമായ ഒന്നര ലക്ഷത്തിലേറെ അനധികൃത കുടിയേറ്റക്കാർ രാജ്യത്തു തുടരുന്നതായിട്ടാണ് അടുത്തിടെ സുരക്ഷാ അധികൃതർ വെളുപ്പെടുത്തിയത്.
എന്നാൽ ഏപ്രിൽ ഒന്നു മുതൽ 30 വരെയുള്ള കാലയളവിൽ അനുവദിക്കുന്ന പൊതുമാപ്പ് പ്രയോജനപ്പെടുത്താത്തവർക്ക് കർശന ശിക്ഷാ നടപടികൾ നേരിടേണ്ടി വരുമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.