പാർലിമെന്റ് അതിക്രമക്കേസ് : 13 പേർക്ക് 43 മാസം തടവ്

കുവൈത്ത് സിറ്റി : പാർലിമെന്റിൽ ഇരച്ചുകയറിയ സംഭവത്തിൽ രണ്ട് എം.പിമാരും ആറ് മുൻ എം.പിമാരും ഉൾപ്പെടെ 13 പേരെ സുപ്രീം കോടതി 42 മാസം തടവിനു ശിക്ഷിച്ചു. ഒരു മുൻ എം.പിയെയും മറ്റു രണ്ടുപേരെയും രണ്ടു വർഷം തടവിനും ശിക്ഷിച്ചിട്ടുണ്ട്. 17 പേരെ വിട്ടയച്ചു. ശിക്ഷിക്കപ്പെട്ടവരിൽ ചിലർഇപ്പോഴും പിടികിട്ടാപ്പുള്ളികളാണ്. 2011 നവംബറിലാണു കേസിനാസ്പദമായ സംഭവം.
അന്നത്തെ പ്രധാനമന്ത്രി ഷെയ്ഖ് നാസർ മുഹമ്മദ് അൽ സബാഹ് രാജിവയ്ക്കണ മെന്നാവശ്യപ്പെട്ടു നടത്തിയ പ്രക്ഷോഭത്തിന്റെ ഭാഗമായി എം.പിമാരുടെ നേതൃത്വത്തിൽ ജനക്കൂട്ടം പാർലിമെന്റിൽ ഇരച്ചുകയറി നാശനഷ്ടം വരുത്തുകയായിരുന്നു. പാർലമെന്റിലേക്ക് ഇരച്ചുകയറിയതിൽ 34 പേർക്കു ബന്ധമുണ്ടെന്നു കോടതി വിലയിരുത്തി.
എം.പിമാരായ വലീദ് അൽ തബ്തബാഇ, ജമാൻ അൽ ഹർബാഷ്, മുൻ എം.പി മുസല്ലം അൽ ബറാക് എന്നിവരാണ് 42 മാസം തടവിനു ശിക്ഷിക്കപ്പെട്ടവർ. കുവൈത്ത് അമീർ ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിനെ പ്രസംഗത്തിൽ പരിഹസിച്ചുവെന്ന കേസിൽ രണ്ടു വർഷം തടവിനുശേഷം കഴിഞ്ഞ വർഷം ഏപ്രിലിലാണ് മുസല്ലം അൽ ബറാഖിനെ വിട്ടയച്ചത്. ശിക്ഷിക്കപ്പെട്ടവർക്കു പാർലിമെന്റ് തിരഞ്ഞെടുപ്പിൽ ഇനി മത്സരിക്കാനാവില്ല.
ക്രിമിനൽ കോടതി 2013 ഡിസംബറിൽ എല്ലാ പ്രതികളെയും കുറ്റവിമുക്തരാക്കിയതായിരുന്നു. എന്നാൽ, ക്രിമിനൽ കോടതി വിധി നിരാകരിച്ച അപ്പീൽ കോടതി 2017 നവംബറിൽ പ്രതികൾക്ക് ഒരുവർഷം മുതൽ ഒൻപത് വർഷം വരെ ശിക്ഷ വിധിച്ചിരുന്നു. വിധിയെത്തുടർന്നു പലരും ജയിലിലായിരുന്നു.
അപ്പീൽ കോടതി വിധിയിന്മേൽ സുപ്രീം കോടതി മേയിൽ അന്തിമവിധി പറയേണ്ടതായിരുന്നുവെങ്കിലും പിന്നീടു തീയതി മാറ്റി. എം.പിമാരായ വലീദ് അൽ തബ്തബാഇ, ജമാൻ അൽ ഹർബാഷ് എന്നിവർക്ക് ഏഴു വർഷവും മുഹമ്മദ് അൽ മുതൈരിക്ക് ഒരു വർഷവുമായിരുന്നു അപ്പീൽ കോടതി ശിക്ഷ വിധിച്ചിരുന്നത്.
മുൻ എം.പിമാരായ മുസല്ലം അൽ ബറാകിന് ഒന്പത് വർഷവും മുബാറക് അൽ വലാൻ, സാലിം അൽ നംലാൻ, ഫൈസൽ അൽ മുസല്ലം, ഖാലിദ് അൽ താഹൂസ് എന്നിവർക്ക് അഞ്ചു വർഷം വീതവും മുഹമ്മദ് അൽ ഖലീഫയ്ക്ക് മൂന്നു വർഷവുമായിരുന്നു അപ്പീൽ കോടതിയുടെ ശിക്ഷ.