ഭംഗിയില്ലാത്ത കെട്ടിടങ്ങൾക്കെതിരെ നിയമ നടപടിക്ക് കുവൈത്ത് നഗരസഭ

കുവൈത്ത് സിറ്റി : ‘മുഖം മിനുക്കാത്ത’ കെട്ടിടങ്ങൾക്കെതിരെ നിയമനടപടി ഉണ്ടാകുമെന്ന് മുനിസിപ്പാലിറ്റിയുടെ മുന്നറിയിപ്പ്. സിറ്റി പരിധിയിലെ കെട്ടിടങ്ങൾ പുറംകാഴ്ചയ്ക്കു ഭംഗിയുള്ള വിധം ക്രമീകരിക്കണമെന്ന നിർദ്ദേശം പാലിച്ചില്ലെങ്കിൽ 800 ദിനാർ മുതൽ 1000 ദിനാർ വരെ പിഴ അടയ്ക്കേണ്ടിവരുമെന്ന് അധികൃതർ അറിയിച്ചു.
നഗര സൗന്ദര്യവൽക്കരണവും ഒപ്പം കെട്ടിടങ്ങളുടെ സുരക്ഷയും ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയുള്ളതാണ് നിർദ്ദേശം. നിർദ്ദേശം പാലിക്കാത്ത കെട്ടിടം ഉടമകൾക്ക് മുന്നറിയിപ്പ് നൽകിവരുന്നുണ്ട്. മുന്നറിയിപ്പ് പരിഗണിക്കാത്തവർക്കെതിരെയാകും നിയമനടപടിയും പിഴ ചുമത്തലുമെന്ന് അധികൃതർ അറിയിച്ചു. മേൽനോട്ടത്തിനായി മുനിസിപ്പാലിറ്റിയുടെ എമർജൻസി സംഘം പ്രവർത്തിക്കുന്നുണ്ട്.
കെട്ടിടങ്ങളിലെ താമസക്കാർക്ക് സമയം അനുവദിച്ചു കൊണ്ട് ആവശ്യമായ നിർമ്മാണ പ്രവർത്തനം പൂർത്തിയാക്കണമെന്ന് കെട്ടിടം ഉടമകളോടു നേരത്തേ നിർദ്ദേശിച്ചതായി അധികൃതർ വെളിപ്പെടുത്തി. പഴക്കം ചെന്നവയാണ് ഈ ഗണത്തിൽപെട്ട കെട്ടിടങ്ങൾ അധികവും. സൗന്ദര്യവൽക്കരണം എന്നതിനുമപ്പുറം കെട്ടിടങ്ങളിൽ കഴിയുന്നവരുടെ ജീവന് സംരക്ഷണം നൽകുംവിധം ഭദ്രത ഉറപ്പുവരുത്തൽ കൂടിയാണ് പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നതെന്നും അധികൃതർ വെളിപ്പെടുത്തി.
അതിനിടെ സർക്കാർഭൂമി കയ്യേറ്റത്തിനെതിരെയുള്ള നടപടിയും മുനിസിപ്പൽ അധികൃതർ ശക്തമാക്കി. അനുവദിച്ചതിൽ കൂടുതൽ സ്ഥലം കയ്യേറിയുള്ള നിർമിതികൾ പൊളിച്ചു നീക്കുന്നത് ഉൾപ്പെടെ നടപടികൾ ആരംഭിച്ചിട്ടുണ്ട്. ജഹ്റ, അഹമ്മദി ഗവർണറേറ്റുകളിൽ പ്രത്യേക സംഘം പരിശോധന നടത്തി.