ഭക്ഷ്യ വിഷബാധ : 287 പേർ ആശുപത്രിയിൽ

കുവൈത്ത് സിറ്റി : കുവൈത്തിൽ ഭക്ഷ്യവിഷബാധയേറ്റ 287 പേരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച ഹവല്ലിയിലെ ഒരു റെസ്റ്റോറന്റിൽ നിന്ന് സാൻഡ്വിച്ച് കഴിച്ചവർക്കാണ് വിഷബാധയേറ്റത്. അടിയന്തിര നടപടിക്രമങ്ങൾ സ്വീകരിച്ചതായും വിഷബാധ നിയന്ത്രണവിധേയമാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
മുബാറക് കബീർ ആശുപത്രിയിൽ ആണ് കൂടുതൽ പേർ ചികിത്സ തേടിയെത്തിയത്. 192 പേരെ മുബാറക് അൽ കബീർ ആശുപത്രിയിലും 21 പേരെ അമീരി ആശുപത്രിയിലും 23 പേരെ ഫർവാനിയയിലും 17 പേരെ ജഹ്റ ആശുപത്രിയിലും ആറു പേരെ വീതം സബാഹ് അദാൻ ആശുപത്രികളിലുമാണ് പ്രവേശിപ്പിച്ചത്. രാജ്യത്തെ വിവിധ സ്വകാര്യ ആശുപ്രത്രികളിൽ 22 കേസുകൾ എത്തിയതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.
വിഷബാധ നിയന്ത്രണവിധേയമാണെന്നും ആരുടേയും നില ഗുരുതരമല്ലെന്നും മന്ത്രാലയം അറിയിച്ചു.