അബുദാബിയിൽ വാഹന പരിശോധന ശക്തമാക്കി

അബുദാബി : ചൂട് അധികമായ സാഹചര്യത്തിൽ റോഡ്സുരക്ഷ ഉറപ്പാക്കാൻ അബൂദബിയിൽ വാഹന പരിശോധന ശക്തം. കുറ്റമറ്റ ടയറുകൾ ഉപയോഗിക്കാതെവാഹനം ഓടിക്കുന്നവരെ കണ്ടെത്തുകയും കർശന ശിക്ഷ ഉറപ്പാക്കുകയും ചെയ്യുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ചൂട് ശക്തി പ്രാപിച്ചതിനെ തുടർന്ന് വാഹനാപകട സംഭവങ്ങൾ വർദ്ധിക്കാനുള്ള സാഹചര്യം കൂടി മുൻനിർത്തിയാണ് പരിശോധനാ നടപടികൾ ഊർജ്ജിതമാക്കിയത്. മോശം ടയറുകൾ ഘടിപ്പിച്ച് വാഹനമോടിച്ച 28.727 പേർക്ക് പിഴ ചുമത്തിയതായി അബുദാബി പോലീസ് അറിയിച്ചു.
ഉപയോഗശൂന്യമായ ടയറുകൾ വലിയ തോതിൽ അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്. അതിനാൽ ഡ്രൈവർമാർ വാഹനങ്ങളുടെ ടയറുകൾ പരിശോധിച്ച് നിലവാരം ഉറപ്പ് വരുത്തണമെന്ന് പോലീസ് ആവശ്യപ്പെട്ടു. തേഞ്ഞ ടയർ മൂലം കഴിഞ്ഞ വർഷം നിരവധി അപകടങ്ങൾ ഉണ്ടാവുകയും നാല് പേർ കൊല്ലപ്പെടുകയും ചെയ്തു. 20 പേർക്ക് പരിക്കേറ്റു. മോശം ടയറുകൾ കണ്ടാൽ 500 ദിർഹം പിഴ ഈടാക്കും.
വാഹനങ്ങൾ പതിവായി പരിശോധിക്കണമെന്നും അറ്റകുറ്റപണികൾ നടത്തണമെന്നു അധികൃതർ സോഷ്യൽ മീഡിയ വഴി ആവശ്യപ്പെട്ടിട്ടുണ്ട്. വേനൽകാലത്ത് ടയറുകൾ പൊട്ടിത്തെറിക്കാൻ സാധ്യത കൂടതലാണ്. വേണ്ടത്ര കാറ്റ് നിറക്കാതിരിക്കുക, അമിത ഭാരം കയറ്റുക, കൃത്യമായ രൂപവും വലിപ്പവുമുള്ള റിമ്മുകൾ ഉപയോഗിക്കാതിരിക്കുക എന്നിവയൊക്കെ അപകടകരമാണെന്നും മുന്നറിയിപ്പുണ്ട്.