ഇറാഖിൽ സ്കൂൾ നിർമ്മാണത്തിന് കുവൈത്തിന്റെ വായ്പ

കുവൈത്ത് സിറ്റി : ഇറാഖിലെ 15 പ്രവിശ്യകളിൽ 73 സ്കൂളുകൾ നിർമ്മിക്കുന്നതിനു കുവൈത്ത് എട്ടുകോടി ഡോളർ വായ്പ നൽകി. ഇറാഖ് പുനർനിർമ്മാണത്തിനായി കുവൈത്തിൽ നടത്തിയ രാജ്യാന്തര സമ്മേളന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണു വായ്പ നൽകുന്നത്. അറബ് സാന്പത്തിക വികസനത്തിനായുള്ള കുവൈത്ത് നിധിയിൽ നിന്നുമാണു തുക നൽകുന്നത്.
ഫെബ്രുവരിയിൽ നടത്തിയ ഡോണേഴ്സ് സമ്മേളന ഉടന്പടിയിലെ ആദ്യ ചുവടുവയ്പ്പാണ് സ്കൂൾ നിർമ്മാണത്തിനായുള്ള വായ്പയെന്ന് കുവൈത്ത് നിധി ഡയറക്ടർ ജനറൽ അബ്ദുൽ വഹാബ് അൽ ബദർ അറിയിച്ചു. ഇറാഖിൽ ലക്ഷ്യമിടുന്ന സുസ്ഥിര വികസന പദ്ധതിയിലെ നാലാമത്തെ ഇനമാണു സമഗ്ര വിദ്യാഭ്യാസം. അത് ഉറപ്പാക്കുന്നതിനാണ് സ്കൂൾ നിർമ്മാണം.
ഇതിന് മുൻപ് കുവൈത്ത് ഫണ്ട് 1970ലും 1971ലും 57 ലക്ഷം ദിനാർ വായ്പ നൽകിയിരുന്നു. 2 ശതമാനം പലിശ സഹിതം 20 വർഷം കാലാവധിയുള്ളതാണ് ഇപ്പോഴത്തെ വായ്പ.