ഗൾഫ് രാജ്യങ്ങളിലേക്ക് ഇന്ത്യക്കാർക്ക് അനുവദിച്ച വിസയുടെ എണ്ണത്തിൽ വൻ ഇടിവ്

കുവൈത്ത് സിറ്റി : ഗൾഫ് രാജ്യങ്ങളിലേക്ക് ഇന്ത്യക്കാർക്ക് നൽകുന്ന വിസയുടെ എണ്ണത്തിൽ വലിയ കുറവുണ്ടായതായി റിപ്പോർട്ട്. ഇന്ത്യക്കാർക്ക് മുൻ തൂക്കമുള്ള രാജ്യങ്ങളുടെ പട്ടികയിൽ കുവൈത്തിന് മൂന്നാം സ്ഥാനവും, പ്രഥമ സ്ഥാനത്തു യു.എ.ഇയും, സൗദി അറേബ്യയുമാണ്. 2015 ൽ 7.6 മില്യൺ വിസ നൽകിയിരുന്നു, എന്നാൽ 2017ൽ അത് 3.7 മില്യൺ ആയി കുറഞ്ഞു. ഇന്ത്യക്കാർക്ക് മുൻ തൂക്കമുള്ള രാജ്യങ്ങളിൽ മൂന്നാം സ്ഥാനത്തുള്ള കുവൈത്ത് 2015ൽ 66,543 വിസകൾ അനുവദിച്ചു, എന്നാൽ 2016ൽ 72,384 വിസയും, 2017ൽ 56,380 ആയി കുറഞ്ഞു. പ്രഥമ സ്ഥാനത്തുള്ള യു.എ.ഇ 2015 ൽ 2.2 മില്യൺ, 2016ൽ 2.2 മില്യൺ, 2017 ൽ 1.5 മില്യൺ ആയി കുറഞ്ഞു. സൗദി അറേബ്യ 2015ൽ 3 മില്യൺ, 2016ൽ 1.6 മില്യൺ, 2017ലത് 78,000 ആയി കുറഞ്ഞു.
തുടർന്ന് ഒമാൻ, ഖത്തർ, ബഹ്റൈൻ എന്നീ രാജ്യങ്ങളിലും ഇന്ത്യക്കാരുടെ വിസയിൽ ഗണ്യമായ കുറവുണ്ടായതായാണ് റിപ്പോർട്ട്. അതേസമയം ഇന്ത്യൻ സ്ഥാനപതി കെ. ജീവ സാഗർ അടുത്തിടെ കുവൈത്ത് സാമൂഹ്യ തൊഴിൽ മന്ത്രി ഹിന്ദ് അൽ സബീഹുമായുള്ള കൂടികാഴ്ചയിലും, കൂടാതെ കുവൈത്ത് വിദേശ കാര്യ സഹമന്ത്രി ഖാലിദ് അൽ ജാറള്ളയുമായുള്ള കൂടികാഴ്ചയിലും തൊഴിൽ മേഖലയിൽ ഇന്ത്യക്കാർക്ക് നൽകിവരുന്ന പ്രത്യേക പരിഗണന തുടരുമെന്ന് ഉറപ്പ് നൽകിയിരുന്നു.
കൂടാതെ കുവൈത്ത് വിദേശകാര്യ സഹമന്ത്രി ഖാലിദ് അൽ ജാറള്ള ഇന്ത്യൻ സ്ഥാനപതി നൽകിയ സ്വീകരണയോഗത്തിൽ പങ്കെടുക്കവെ ഇന്ത്യ കുവൈത്ത് ബന്ധം വാണിജ്യ വ്യവസായ സാങ്കേതിക സാന്പത്തിക തൊഴിൽ മേഖലകളിൽ പൂര്വാധികം ശക്തമാകുന്നതായി പറഞ്ഞു. പ്രത്യേകിച്ചും ഇന്ത്യയിൽ നിന്നെത്തിയ വിദേശ കാര്യസഹ മന്ത്രിയുമായുള്ള കൂടിക്കാഴ്ചകൾ ഇരു രാജ്യങ്ങൾക്കിടയിൽ വലിയ സാധ്യതകൾക്കാണ് വഴിയൊരുക്കിയിരിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.