വിദേശികൾക്ക് നൽകി വരുന്ന സേവനങ്ങൾ ബജറ്റ് കമ്മിക്ക് കാരണമാകുന്നു : ധനകാര്യ സമിതി

കുവൈത്ത് സിറ്റി : രാജ്യത്ത് വിദേശികൾക്ക് നൽകി വരുന്ന സേവനങ്ങൾ ബജറ്റ് കമ്മിക്ക് കാരണമാകുന്നതായി പാർലമെന്റ് ധനകാര്യ സമിതി അഭിപ്രായപ്പെട്ടു. ചില പ്രത്യേക രാജ്യക്കാരുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുന്നത് നിയന്ത്രിക്കണമെന്നും ധനകാര്യ സമിതി ശിപാർശ ചെയ്തു. ഈ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിന് വരും വർഷങ്ങളിൽ ഗവണ്മെന്റ് കൃത്യമായ പദ്ധതി ആസൂത്രണം ചെയ്ത് നടപ്പാക്കേണ്ടതുണ്ടെന്നും ധനകാര്യ സമിതി വക്താവ് സാലിഹ് ആശൂർ എം.പി പറഞ്ഞു.
ജനസംഖ്യാ ക്രമീകരണ നടപടികൾ ആസൂത്രണം ചെയ്ത് നടപ്പാക്കാൻ പ്രത്യേക പാർലമെന്ററി കമ്മിറ്റി രൂപവത്കരിക്കണമെന്നതുൾപ്പെടെയുള്ള നിർദേശങ്ങൾ ആണ് ധനകാര്യ സമിതി പ്രാഥമികമായി ചർച്ചക്കെടുക്കുന്നത് . മറ്റു നിർദ്ദേശങ്ങൾ പുതിയ സർക്കാർ രൂപവൽകരിച്ചതിന് ശേഷം സർക്കാർ പ്രതിനിധികളെ കൂടി ഉൾപ്പെടുത്തി ചർച്ച ചെയ്യാൻ മാറ്റിവച്ചിരിക്കുകയാണെന്ന് ധനകാര്യ സമിതി വക്താവ് സാലിഹ് ആശൂർ എം.പി കൂട്ടിച്ചേർത്തു.