ഗതാഗതനിയമങ്ങൾ കർശനമാക്കി കുവൈത്ത്

കുവൈത്ത് സിറ്റി : ഗതാഗതനിയമങ്ങൾ കടുപ്പിച്ച കുവൈത്ത് ആഭ്യന്തര മന്ത്രാലയം. നിയമലംഘനങ്ങൾ വർദ്ധിച്ച സാഹചര്യത്തിൽ ആഭ്യന്തര മന്ത്രി ഷെയ്ഖ് ഖാലിദ് അൽ ജാറള്ളയാണ് കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. നിയമ ലംഘനങ്ങൾ കുറച്ച് സുരക്ഷിതവും മാന്യവുമായ ഡ്രൈവിംഗ് സംസ്കാരം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ശിക്ഷാനടപടികൾ കർശനമാക്കിയത്.
ഗതാഗത നിയമലംഘനങ്ങൾ സംബന്ധിച്ച കേസുകൾ കൈകാര്യം ചെയ്യുന്നതിന് മാത്രമായി സാൽമിയയിൽ സ്പെഷ്യൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് ആരംഭിക്കുമെന്നും അധികൃതർ അറിയിച്ചു. ഡ്രൈവിംഗിനിടെ മൊബൈൽ ഉപയോഗിച്ചാൽ രണ്ടു മാസത്തേക്ക് വാഹനം പിടിച്ചു വയ്ക്കും. സീറ്റ് ബെൽറ്റ് ധരിക്കാതെ വാഹനമോടിച്ചാലും റോഡരികിൽ പാർക്ക് ചെയ്താലും സമാനമായ ശിക്ഷ ഏറ്റുവാങ്ങേണ്ടിവരും. റോഡരികിൽ നിർത്തിയിടുന്നതും ഗതാഗത തടസ്സമുണ്ടാക്കുന്നതുമായ വാഹനങ്ങളും പിടികൂടും. നിരത്തുകളിൽ നിശ്ചിത വേഗപരിധി ലംഘിക്കുന്ന വാഹനങ്ങളും പിടികൂടി രണ്ടു മാസം കസ്റ്റഡിയിൽ വയ്ക്കും. സ്മാർട്ട് ക്യാമറകൾ വഴിയാണ് വേഗപരിധി ലംഘിക്കുന്നവരെ കണ്ടെത്തുക.