ഭീ­കരതയു­ടെ­ ഏത് രൂ­പത്തെ­യും രാ­ജ്യം ശക്തമാ­യി­ എതി­ർ­ക്കു­മെ­ന്ന് കു­വൈ­ത്ത് പ്രധാ­നമന്ത്രി­


കുവൈത്ത് സിറ്റി : ഭീകരതയുടെ ഏത് രൂപത്തെയും കുവൈത്ത് ശക്തമായി എതിർക്കുമെന്ന് പ്രധാനമന്ത്രി ഷെയ്ഖ് ജാബർ അൽ മുബാറക് അൽ ഹമദ് അൽ സബാഹ്. ദുരിതമനുഭവിക്കുന്ന ജനതയെ സഹായിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകിയ പാരന്പര്യമാണു കുവൈത്തിനുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. ന്യൂയോർക്കിൽ യു‌‌‌‌.എൻ പൊതുസഭയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.  

ഐ.‌എസ് ആക്രമണങ്ങളിൽ തകർന്ന് ഇറാഖിലെ പ്രദേശങ്ങൾ പുനർനിർമ്മിക്കുന്നതിനു സഹായം തേടിയുള്ള രാജ്യാന്തര സമ്മേളനത്തിന് അടുത്തവർഷം കുവൈത്ത് ആതിഥ്യം വഹിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഐ‌.എസിന്റെ അക്രമങ്ങൾക്കുമേൽ വിജയം നേടിയ ഇറാഖ് സർക്കാറിനെയും ജനതയെയും കുവൈത്ത് അഭിനന്ദിക്കുന്നു. അത്തരം വിജയങ്ങളും ദേശീയ സമവായങ്ങളും പുനർനിർമ്മാണം തുടങ്ങുന്നതിനുള്ള നല്ല അന്തരീക്ഷമായി ഭവിക്കും. പലായനം ചെയ്യപ്പെട്ടവർക്ക് അതുവഴി സ്വദേശത്ത് തിരിച്ചെത്താനും സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സിറിയൻ ജനതയെ സഹായിക്കുന്നതിനുള്ള രാജ്യാന്തര സമ്മേളനത്തിന് 2013ലും 2014ലും 2015ലും കുവൈത്ത് ആതിഥ്യം വഹിച്ചു.  അതേലക്ഷ്യത്തിൽ 2016ൽ ലണ്ടനിൽ നടത്തിയ സമ്മേളനത്തിന്റെ നടത്തിപ്പിൽ സഹപങ്കാളിയുമായി. 2017ൽ ബ്രസൽ‌സിൽ നടത്തിയ സമ്മേളനത്തിലും മുഖ്യപങ്കാളിത്തം വഹിച്ചു.

പലസ്‌തീന്റെ നിയമപരമായ അവകാശങ്ങൾ അംഗീകരിക്കുന്നതിനുള്ള യു.എൻ പ്രമേയം നടപ്പാക്കാൻ ഇസ്രയേലിനുമേൽ യു‌‌‌‌.എൻ രക്ഷാസമിതിയും രാജ്യാന്തര സമൂഹവും സമ്മർദ്ദം ചെലുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കിഴക്കൽ ജറുസലേം ആസ്ഥാനമായുള്ള പലസ്‌തീൻ രാജ്യത്തിന് അംഗീകാരവും നൽകണമെന്നും ഷെയ്ഖ് ജാബർ പറഞ്ഞു. യു‌‌.‌‌എൻ രക്ഷാസമിതി പ്രവർത്തനം ശക്തിപ്പെടുത്തുന്നതിനു കുവൈത്ത് ശ്രമിക്കും.  

ജനുവരിയിൽ കുവൈത്ത് യു‌‌.എൻ രക്ഷാസമിതിയിലെ താൽക്കാലിക അംഗത്വം ഏറ്റെടുക്കുകയാണ്. തർക്കങ്ങൾ പരിഹരിക്കുന്നതിനും മധ്യസ്ഥതയ്ക്കും പ്രശ്ന പരിഹാരം തേടിയുള്ള പ്രമേയങ്ങൾ രൂപപ്പെടുത്തുന്നതിനും സുതാര്യത പ്രോത്സാഹിപ്പിക്കുന്നതിനും സമിതിക്കകത്തു കുവൈത്ത് പ്രവർത്തിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

You might also like

  • Straight Forward

Most Viewed