സർ­ക്കാർ ജീ­വനക്കാ­രു­ടെ­ കൂ­ട്ടത്തോ­ടെ­യു­ള്ള രോ­ഗാ­വധി ­: അന്വേ­ഷണം നടത്തു­മെ­ന്ന് കുവൈത്ത് തൊ­ഴിൽ മന്ത്രി­


കുവൈത്ത് സിറ്റി: കുവൈത്തിലെ സർക്കാർ ജീവനക്കാർ ഈദുൽ ഫിത്തർ അവധിയോടനുബന്ധിച്ചു കഴിഞ്ഞ ബുധൻ, വ്യാഴം ദിവസങ്ങളിൽ കൂട്ടത്തോടെ രോഗാവധി എടുത്തത് സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് സാമൂഹിക− തൊഴിൽ മന്ത്രി ഹിന്ദ് അൽ സബീഹ് അറിയിച്ചു. കൂട്ട അവധി സർക്കാർ ഖജനാവിനെ പ്രതികൂലമായി ബാധിക്കുന്നുവെന്നതിനാൽ വ്യാജമായി അവധിയെടുത്തവർക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് മന്ത്രി അറിയിച്ചു. വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കിയെന്ന് തെളിഞ്ഞാൽ നടപടിയുണ്ടാകും. സർട്ടിഫിക്കറ്റ് നൽകിയ ഡോക്ടർമാരും നടപടി നേരിടേണ്ടിവരും. 

പൊതുജനങ്ങൾ പല ആവശ്യ ങ്ങൾക്കായി ഓഫീസുകളിലെത്തുന്പോൾ ജീവനക്കാർ വ്യാജരോഗികളായി അവധി ആഘോഷിക്കുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നു മന്ത്രി പറഞ്ഞു. 28,29 തീയ്യതികളിൽ എമർജൻസി ലീവിന് അപേക്ഷിച്ചവർക്കെതിരെയും നടപടിയുണ്ടാകുമെന്ന് അധികൃതർ അറിയിച്ചു. മേലധികാരിയെ അറിയിക്കാൻപോലും സൗകര്യമില്ലാത്ത അടിയന്തിര ഘട്ടങ്ങളിൽ മാത്രം അനുവദിക്കപ്പെട്ടതാണ് എമർജൻസി ലീവ്. അതും ഒരുദിവസത്തെ എമർജൻസി ലീവ് മാത്രമേ അനുവദിക്കാനും പാടുള്ളൂ. 

പെരുന്നാൾ അവധിയോട് അനുബന്ധിച്ച് 28, 29 തീയ്യതികളിൽ എമർജൻസി ലീവ് നേരത്തേ എഴുതി നൽകിയാണ് പലരും എടുത്തിട്ടുള്ളത്. അതു നിയമവിരുദ്ധവുമാണ്. അതുകൊണ്ടാണ് അവരുടെമേൽ നിയമ നടപടി സ്വീകരിക്കുന്നത്. എന്നാൽ അർഹതപ്പെട്ട മറ്റ് അവധികളാണെങ്കിൽ ശിക്ഷാനടപടി ഉണ്ടാകില്ല. ബുധൻ, വ്യാഴം ദിവസങ്ങളിൽ 31,000 പേരാണ് രോഗാവധിയിൽ പ്രവേശിച്ചത്. പെരുന്നാൾ അവധിക്കും പ്രതിവാര അവധിക്കുമിടയിൽ രണ്ടുദിവസം രോഗാവധിയെടുക്കുക വഴി ഒന്പതുദിവസം തുടർച്ചയായ അവധിയായിരുന്നു പലരുടെയും ലക്ഷ്യം.

ഈദുൽ ഫിത്തർ പ്രമാണിച്ച് ഞായർ, തിങ്കൾ, ചൊവ്വ ദിവസങ്ങളിലായിരുന്നു അവധി. പ്രതിവാര അവധി ആരംഭിച്ച വെള്ളിയാഴ്ച (23) തൊട്ട് അഞ്ചുദിവസമാണ് അതുവഴി ലഭ്യമായ അവധി. അടുത്ത ആഴ്ചത്തെ പ്രതിവാര അവധി ദിവസങ്ങളായ വെള്ളി (30), ശനി (ജൂലൈ ഒന്ന്) എന്നിവയോടു ചേർത്ത് ഒന്പത് ദിവസത്തെ അവധി തരപ്പെടുത്താനാ‍ണ് പലരും ബുധൻ, വ്യാഴം ദിവസങ്ങളിൽ രോഗാ‍‍‍‍വധി എടുത്തതെന്നു വ്യക്തമായതോടെയാണ് അന്വേഷണം.

രോഗാവധി നേടാൻ, സർക്കാർ/സ്വകാര്യ മേഖലയിലുള്ള  ആശുപത്രികളിൽനിന്നുള്ള  സർട്ടിഫിക്കറ്റ് ആവശ്യമുണ്ട്. അവധിയിൽ പ്രവേശിച്ചവരെല്ലാം അത്തരത്തിൽ സർട്ടിഫിക്കറ്റും നൽകിയിട്ടുണ്ട്. മുഴുദിന ശന്പളത്തോടുകൂടിയും പകുതി ശന്പളത്തോടുകൂടിയുമൊക്കെ രോഗാ‍‍‍‍വധികൾ ഉണ്ട്. നിശ്ചിത എണ്ണം രോഗാവധി പ്രതിവർഷം എടുക്കാനാകും. 2015ലെ പെരുന്നാൾ അവധിക്കാലത്തും സമാന സംഭവമുണ്ടായിരുന്നു. അന്ന് 30,000 ജീവനക്കാർ രോഗാവധിയിൽ പ്രവേശിച്ചിരുന്നു.  

You might also like

  • Lulu Exchange
  • Straight Forward

Most Viewed