വീണാ വിജയന്‍റെ കമ്പനിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം


വീണാ വിജയന്‍റെ കമ്പനിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്ര കോര്‍പറേറ്റ്കാര്യ മന്ത്രാലയം. വീണയുമായി ബന്ധപ്പെട്ട മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട് ആദായ നികുതി ബോര്‍ഡ് കണ്ടെത്തിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കേന്ദ്രം അന്വേഷണം പ്രഖ്യാപിച്ചത്. മൂന്നംഗ ഉന്നത സംഘമാകും അന്വേഷണ ചുമതല വഹിക്കുക. കോർപ്പറേറ്റ്കാര്യ മന്ത്രാലയം ഇറക്കിയ ഉത്തരവിൽ എക്സാലോജിക്കിനെ പറ്റി കടുത്ത വിമർശനമാണുള്ളതെന്ന് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. കന്പനി നിരവധി നിയമലംഘനങ്ങൾ നടത്തിയെന്ന് ഉത്തരവിലുണ്ട്. രജിസ്ട്രാര്‍ ഓഫ് കമ്പനീസ് ബംഗളുരു നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ഇത് നേരത്തെ തെളിഞ്ഞിരുന്നു. മാത്രമല്ല കരിമണല്‍ കമ്പനിയായ സി.എം.ആര്‍.എല്ലിനെതിരെയും പൊതുമേഖലാ സ്ഥാപനമായ വ്യവസായ വികസന കോര്‍പറേഷനെതിരെയും അന്വേഷണം പുരോഗമിക്കുകയാണ്. 

സിഎംആർഎല്ലും എക്സാലോജിക്കും തമ്മിലുള്ള ഇടപാടുകളിൽ വിശദമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് രജിസ്ട്രാര്‍ ഓഫ് കമ്പനീസിന് നേരത്തെ പരാതി കിട്ടിയിരുന്നു. മുഖ്യമന്ത്രിയുമായുള്ള ബന്ധത്തിന്‍റെ പേരിൽ എക്സാലോജിക്കിന് സിഎംആർഎൽ 1.72 കോടി രൂപ അനധികൃതമായി നൽകിയെന്നാണ് ആദായ നികുതി ഇന്‍ററിം സെറ്റിൽമെന്‍റ് ബോർഡ് നേരത്തെ കണ്ടെത്തിയത്. എക്സാലോജിക്ക് ഇത്രയധികം തുക കൈപറ്റിയത് ചെയ്യാത്ത സേവനത്തിനാണെന്നും അന്വേഷണത്തിൽ വ്യക്തമായിരുന്നു. എക്‌സാലോജിക്കിന്‍റെയും സിഎംആർഎല്ലിന്‍റെയും വ്യവസായ വികസന കോർപ്പറേഷന്‍റെയും മുഴുവന്‍ ഇടപാടുകളും വിശദമായി അന്വേഷിക്കണമെന്ന് മന്ത്രാലയം ഇറക്കിയ ഉത്തരവിലുണ്ട്.

article-image

asdfasf

You might also like

  • Lulu Exchange
  • Straight Forward

Most Viewed