പകർച്ചപ്പനി; ജാഗ്രതാ നിർദേശവുമായി നൽകി ആരോഗ്യ വകുപ്പ്
സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ജാഗ്രതാ നിർദേശം നൽകി ആരോഗ്യ വകുപ്പ്. പകർച്ചപ്പനി വ്യാപിക്കുന്ന സാഹചര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. മഴ തുടരുന്നതിനാൽ ഡെങ്കിപ്പനി, എലിപ്പനി എന്നീ രോഗങ്ങൾ പകരാൻ സാധ്യതയുണ്ട്. കൊതുക് കടി ഏൽക്കാതിരിക്കാന്‍ ജനങ്ങൾ ശ്രദ്ധിക്കണമെന്നും കൊതുകിന്‍റെ ഉറവിടങ്ങൾ നശിപ്പിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും മന്ത്രി ഓർമിപ്പിച്ചു. പനി ബാധിച്ചാൽ സ്വയം ചികിത്സ പാടില്ല, എത്രയും വേഗം ആശുപത്രിയിലെത്തി ചികിത്സ തേടണം. ചെളിയിലോ മലിനജലത്തിലോ കെട്ടിക്കിടക്കുന്ന മഴവെള്ളത്തിലോ ഇറങ്ങിയാൽ നിർബന്ധമായും എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിന്‍ കഴിക്കേണ്ടതാണ്.
വയറിളക്ക രോഗങ്ങൾക്കെതിരെ ജാഗ്രത പാലിക്കണം. തിളപ്പിച്ചാറ്റിയ വെള്ളം ഉപയോഗിക്കുകയും ആഹാരവസ്തുക്കൾ അടച്ച് സൂക്ഷിക്കുകയും വേണം. വെള്ളം കയറുന്ന സ്ഥലങ്ങളിലുള്ള ആരോഗ്യസ്ഥാപനങ്ങൾ ആവശ്യമായ ബദൽ ക്രമീകരണം ഒരുക്കണമെന്ന് മന്ത്രി വ്യക്തമാക്കി. മരുന്നുകളുടെ ലഭ്യത ഉറപ്പാക്കാന്‍ നിർദേശം നൽകിയിട്ടുണ്ട്. കുട്ടനാട്ടിൽ അടിയന്തര സാഹചര്യം നേരിടുന്നതിന് മൂന്ന് മൊബൈൽ ഫ്ലോട്ടിംഗ് ഡിസ്പെന്‍സറികൾ, വാട്ടർ ആംബുലന്‍സ് എന്നിവ സജ്ജമാക്കിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
hgfh



