ചതിച്ച് ജയിലിൽ അടയ്ക്കന്‍ ശ്രമിക്കുമ്പോൾ ഒരു കോണ്‍ഗ്രസുകാരനും പിന്നിൽ നിന്ന് കുത്തില്ല; ചങ്ക് കൊടുത്തും കെപിസിസി പ്രസിഡന്റിനെ സംരക്ഷിക്കുമെന്ന് വിഡി സതീശൻ
മോണ്‍സന്‍ മാവുങ്കൽ തട്ടിപ്പുകേസിൽ അറസ്റ്റ് ചെയ്യപ്പെട്ട പശ്ചാത്തലത്തിൽ കെ സുധാകരന്‍ കെപിസിസി അധ്യക്ഷസ്ഥാനം രാജിവയ്ക്കുമോ എന്ന സംശയത്തെ മാധ്യമങ്ങൾക്ക് മുന്നിൽ പൂർണമായി തള്ളി പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. കെ സുധാകരന്‍ കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്ന് മാറിനിൽക്കില്ലെന്ന് പ്രതിപക്ഷനേതാവ് വ്യക്തമാക്കി. കെ സുധാകരനെതിരായ കേസ് കെട്ടിച്ചമച്ചതാണെന്ന് അദ്ദേഹം വിശദീകരിച്ചു. പുതിയ അന്വേഷണ ഉദ്യോഗസ്ഥനെ നിയമിച്ചപ്പോൾ ലഭിച്ചത് കേസിന്റെ ആദ്യഘട്ടത്തിൽ ഇല്ലാത്ത മൊഴിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പരാതിക്കാർ തെറ്റായ പശ്ചാത്തലമുള്ളവരാണെന്നാണ് വി ഡി സതീശന്‍ പറഞ്ഞു. ആര് മൊഴി നൽകിയാലും കേസെടുക്കുമോ എന്ന് പ്രതിപക്ഷനേതാവ് ചോദിക്കുന്നു. എങ്കിൽപ്പിന്നെ സ്വപ്‌നയുടെ ആരോപണത്തിൽ എന്തുകൊണ്ട് കേസെടുത്തില്ല? എം വി ഗോവിന്ദന് ക്രൈംബ്രാഞ്ചിനെയാണോ ദേശാഭിമാനിയെയാണോ എന്ന് വ്യക്തമാക്കണം. കെ സുധാകരനെതിരെയുള്ളതെല്ലാം കെട്ടിച്ചമച്ച തെളിവുകളാണെന്നും വി ഡി സതീശന്‍ കൂട്ടിച്ചേർത്തു.
അറസ്റ്റ് സർക്കാരിന്റെ വൈരാഗ്യ ബുദ്ധിയാണ് തെളിയിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് പറയുന്നു. ജനാധിപത്യ കേരളം ഒറ്റക്കെട്ടായി സുധാകരനൊപ്പമുണ്ട്. സുധാകരനെ ചതിച്ച് ജയിലിൽ അടയ്ക്കന്‍ ശ്രമിക്കുമ്പോൾ ഒരു കോണ്‍ഗ്രസുകാരനും പിന്നിൽ നിന്ന് കുത്തില്ല. ഈ കേസിന്റെ പേരിൽ സുധാകരന്‍ മാറിനിൽക്കേണ്ട ആവശ്യമില്ല. സുധാകരന്‍ തയ്യാറായാലും പാർട്ടി അത് സമ്മതിക്കില്ല. ചങ്ക് കൊടുത്തും കെപിസിസി പ്രസിഡന്റിനെ സംരക്ഷിക്കുമെന്നും പ്രതിപക്ഷനേതാവ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
sg

