പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പഴുതടച്ച സുരക്ഷ ഒരുക്കും; കൊച്ചി പൊലീസ് കമ്മീഷണർ

കേരളത്തിൽ സന്ദർശനത്തിനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷ ശക്തമാക്കുമെന്ന് കൊച്ചി പൊലീസ് കമ്മീഷണർ കെ സേതുരാമന്‍. പഴുതടച്ച സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കുമെന്നും രണ്ടായിരത്തിലധികം പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കുമെന്നും അദ്ദേഹം അറിയിച്ചു. പ്രധാനമന്ത്രിയുടെ റോഡ് ഷോയിൽ ട്രാഫിക് ക്രമീകരണങ്ങൾ ഉണ്ടാകും. സുരക്ഷാ ക്രമീകരണങ്ങൾ ചർച്ച ചെയ്യുന്നതിന് നാളെ ഉന്നതതല യോഗം ചേരുമെന്നും കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുമെന്നും കമ്മീഷണർ കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് കേരള പൊലീസിന്റെ ഭാഗത്ത് നിന്ന് ഗുരുതര സുരക്ഷാ വീഴ്ചയുണ്ടായെന്ന വിവരങ്ങൾ നേരത്തെ പുറത്ത് വന്നിരുന്നു. 49 പേജുള്ള റിപ്പോർട്ടിൽ വിവിഐപി സുരക്ഷയുടെ സമഗ്ര വിവരങ്ങളുൾപ്പടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ പൂർണ വിവരങ്ങളാണ് പുറത്ത് വന്നത്. പ്രധാനമന്ത്രിയുടെ സന്ദർശനം നടക്കുന്ന ജില്ലകളിലെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് മാത്രം നൽകിയിരുന്ന സ്‌കീം എങ്ങനെ ചോർന്നുവെന്ന കാര്യത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കേരള സന്ദർശനത്തിനിടെ പ്രാധാനമന്ത്രിക്ക് നേരെ ചാവേർ ആക്രമണമുണ്ടാകുണ്ടാകുമെന്നായിരുന്നു ഊമക്കത്തിലെ ഭീഷണി സന്ദേശം. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രനാണ് കത്ത് ലഭിച്ചത്. ഒരാഴ്ച്ചയ്ക്ക് മുമ്പ് ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിലാണ് കത്ത് ലഭിച്ചത്. കലൂർ സ്വദേശി എന്‍ ജെ ജോണി എന്നയാളുടെ പേരാണ് കത്തിലുളളത്. മോദിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട ഐബി റിപ്പോർട്ടിലാണ് സുരക്ഷാ ഭീഷണി ചൂണ്ടിക്കാണിക്കുന്നത്. പിഎഫ്‌ഐ നിരോധനം സംബന്ധിച്ചും പ്രധാനമന്ത്രി സുരക്ഷാഭീഷണി നേരിട്ടേക്കാമെന്ന് ഐബി റിപ്പോർട്ടിൽ പറയുന്നു.
ഭീഷണിക്കത്തിൽ കേരള പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി കെ സുരേന്ദ്രന്‍ രംഗത്തെത്തിയിരുന്നു. ഇന്റലിജന്‍സ് റിപ്പോർട്ട് ഇപ്പോൾ മാധ്യമങ്ങൾക്ക് നൽകിയതിന്റെ പിന്നിൽ പൊലീസിന്റെ ബുദ്ധിയാണോ അതോ മറ്റാരുടെയെങ്കിലും ബുദ്ധിയാണോ എന്നായിരുന്നു സുരേന്ദ്രന്റെ ചോദ്യം. പിഡിപി, എസ്ഡിപിഐ, പിഎഫ്‌ഐ പോലുളള സംഘടനകളെക്കുറിച്ച് റിപ്പോർട്ടിൽ പറയുന്നുണ്ട്. എന്നാൽ പൊലീസ് അവരെ സംരക്ഷിച്ചുകൊണ്ടിരിക്കുകയാണ്. സിപിഐഎമ്മിന്റെ ഘടക കക്ഷികളെക്കുറിച്ചും റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്. സംഭവത്തിൽ മുഖ്യമന്ത്രിയും സിപിഐഎമ്മും മറുപടി പറയണമെന്നും സുരേന്ദ്രന്‍ പറഞ്ഞിരുന്നു.
ghkk