രാഹുലിന്‍റെ അഹങ്കാരത്തിനേറ്റ തിരിച്ചടി'; മാനനഷ്ടക്കേസിൽ കോടതി വിധിയെ സ്വാഗതം ചെയ്ത് ബിജെപി

മാനനഷ്ടക്കേസിൽ രാഹുൽ ഗാന്ധിയുടെ അപ്പീൽ സൂറത്ത് സെഷൻസ് കോടതി തള്ളിയതിനെ സ്വാഗതം ചെയ്ത് ബിജെപി. രാഹുലിന്‍റെ അഹങ്കാരത്തിനേറ്റ തിരിച്ചടിയാണിതെന്നും നീതിന്യായ വ്യവസ്ഥയുടെയും സാധാരണ ജനങ്ങളുടെയും വിജയമാണ് ഉണ്ടായിരിക്കുന്നതെന്നും ബിജെപി വക്താവ് സമ്പത് പത്ര പറഞ്ഞു. മജിസ്ട്രേറ്റ് കോടതിയുടെ കുറ്റവും ശിക്ഷയും സ്റ്റേ ചെയ്യണമെന്ന രാഹുലിന്‍റെ അപ്പീലാണ് സൂറത്ത് സെഷൻസ് കോടതി തള്ളിയത്. നിയമപരമായി നിലനിൽപ്പില്ലാത്ത കേസിലാണ് സൂറത്ത് മജിസ്ട്രേറ്റ് കോടതി വിധി പറഞ്ഞതെന്നാണ് രാഹുൽ സെഷൻസ് കോടതിയിൽ വാദിച്ചത്. കുറ്റക്കാരനെന്ന വിധിക്ക് സ്റ്റേ ലഭിച്ചാൽ രാഹുലിന് എംപി സ്ഥാനം തിരികെ ലഭിക്കുമായിരുന്നു.
അതേസമയം, കുറ്റക്കാരനെന്ന വിധിക്ക് സ്റ്റേ ലഭിക്കാതിരുന്നതിനാൽ രാഹുലിന് ഇനി ഹൈക്കോടതിയെ സമീപിക്കാം. ഹൈക്കോടതിയെ സമീപിക്കാനുള്ള തയാറെടുപ്പും രാഹുലിന്‍റെ അഭിഭാഷക സംഘം നടത്തിയതായാണ് വിവരം. എല്ലാ കള്ളന്മാർക്കും മോദി എന്ന പേര് എങ്ങനെ വന്നുവെന്ന രാഹുൽ ഗാന്ധിയുടെ പരാമർശത്തിനെതിരേ ബിജെപി എംഎൽഎയും മുൻ മന്ത്രിയുമായ പൂർണേഷ് മോദിയാണ് അപകീർത്തിക്കേസ് നൽകിയത്.
fgdfg