ഫയർ ഫോഴ്സിന്റെ മോക്ഡ്രില്ലിനിടെ നാട്ടുകാരൻ അപകടത്തിൽപെട്ടു

പത്തനംതിട്ട വെണ്ണിക്കുളത്ത് അഗ്നിശമനസേന നടത്തിയ മോക്ഡ്രില്ലിനിടെ നാട്ടുകാരൻ അപകടത്തിൽപെട്ടു. പാലത്തിങ്കൽ ബിനുവാണ് അപകടത്തിൽപെട്ടത്. വെള്ളത്തിൽ വീഴുന്നവരെ രക്ഷിക്കുന്ന മോക്ഡ്രില്ലിനിടെയാണ് സംഭവം. രാവിലെ ഒമ്പത് മണിയോടെയായിരുന്നു അപകടം. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും ദേശീയ ദുരന്ത നിവാരണസേനയും അഗ്നിശമനസേനയും ഉൾപ്പെടുന്ന വിദഗ്ധ സംഘമാണ് മോക്ഡ്രില്ലിന് എത്തിയത്. നാട്ടുകാരും പഞ്ചായത്ത് അധികൃതരും തുരുത്തിക്കാട് ബി.എ.എം കോളേജിലെ എൻ.സി.സി കേഡറ്റുകൾ അടക്കമുള്ള വിദ്യാർഥികളെയും മോക്ഡ്രില്ലിന് ഉൾപ്പെടുത്തിയായിരുന്നു. ഡിങ്കി ബോട്ടുകളിൽ മണിമലയാറ്റിൽ ഇറങ്ങിയ എൻ.ഡി.ആർ.എഫ് അംഗങ്ങൾ നാട്ടുകാരോട് വെള്ളത്തിലിറങ്ങാൻ ആവശ്യപ്പെടുകയായിരുന്നു.
ഇതേതുടർന്നാണ് നാലു പേർ വെള്ളത്തിലിറങ്ങിയത്. നാലു പേരിൽ ബിനു ഒഴുക്കിൽപ്പെട്ട് വെള്ളത്തിൽ മുങ്ങിത്താഴുകയായിരുന്നു. ഡിങ്കി ബോട്ടിൽ നിന്ന് വെള്ളത്തിലിറങ്ങിയതായിരുന്നു ബിനു. നീന്തൽ അറിയാവുന്ന നാട്ടുകാരാണ് ബിനുവിനെ രക്ഷിച്ച് കരയിലെത്തിച്ചത്. അവശനായ ബിനുവിനെ തിരുവല്ല പുഷ്പഗിരി ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിന് പിന്നാലെ മോക്ഡ്രില്ലിനെത്തിയ സംഘം പ്രദേശത്ത് നിന്ന് മടങ്ങിപ്പോയി. തുടർന്ന് പത്തനംതിട്ട കീഴ്വായ്പ്പൂർ പൊലീസ് ആണ് തുടർനടപടി സ്വീകരിച്ചതെന്ന് നാട്ടുകാർ പറഞ്ഞു.
dhfghf