'ആണും പെണ്ണും ഒന്നിച്ചിരിക്കേണ്ട എന്ന നിലപാടാണ് എസ്എന്‍ഡിപിക്ക്, ഭാരതസംസ്‌കാരത്തിനെതിരാണ്'; വെള്ളാപ്പള്ളി നടേശന്‍
ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഒരുമിച്ച് ഇരുത്തേണ്ടെന്ന നിലപാടാണ് എസ്എന്‍ഡിപിക്ക് ഉള്ളതെന്ന് എസ്എന്‍ഡിപി യോഗം അദ്ധ്യക്ഷന്‍ വെള്ളാപ്പള്ളി നടേശന്‍. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒന്നിച്ചിരിക്കുന്നത് ഭാരത സംസ്‌കാരത്തിന് എതിരാണ്. കുട്ടികളെ ഒന്നിച്ചിരുത്തുന്നത് സംസ്‌കാരം നശിക്കാന്‍ കാരണമാവും. എന്നാല്‍ സര്‍ക്കാര്‍ മതാധിപത്യത്തിന് അടിമപ്പെടുന്നത് കൊണ്ടാണ് ജെന്‍ഡര്‍ നൂട്രല്‍ തീരുമാനത്തില്‍ നിന്ന് പിന്തിരിഞ്ഞതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഒരുമിച്ച് ഇരുത്തേണ്ടെന്ന നിലപാടാണ് എസ്എന്‍ഡിപിക്ക് ഉള്ളത്. നമ്മുടേത് ഭാരത സംസ്‌കാരമാണ്. നമ്മള്‍ അമേരിക്കയിലും ഇംഗ്ലണ്ടിലുമല്ല ജീവിക്കുന്നത്. ആണും പെണ്ണും ഒന്നിച്ചിരുന്ന് കെട്ടിപ്പിടിക്കുന്ന സംസ്‌കാരമല്ല ഭാരതത്തിന്റേതെന്നും വെള്ളാപ്പള്ളി പറഞ്ഞു. ക്രിസ്ത്യന്‍ കോളേജുകളിലും മുസ്‌ലിം കോളേജുകളിലും ചെന്നാല്‍ ആണും പെണ്ണും കെട്ടിപ്പിടിച്ച് ഒന്നിച്ച് ബെഞ്ചിലും ഡെസ്‌കിലും പുറത്ത് ഇരിക്കുന്നത് കാണാന്‍ പറ്റില്ല. പക്ഷെ എന്‍എസ്എസ്-എസ്എന്‍ഡിപി കോളേജുകളിലും അരാജകത്വമാണ്. പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളുടെ മേലില്‍ കാല്‍ വച്ച് കാടില്‍ കിടക്കുന്നു. അവര്‍ കെട്ടിപ്പിടിച്ച് ഗ്രൗണ്ടില്‍ നടക്കുന്നു. ഇത് രക്ഷാകര്‍ത്താക്കളെ വേദനിപ്പിക്കുന്നതാണ്. ഹിന്ദുക്കളുടെ കോളേജുകളില്‍ പഠിക്കുന്ന കുട്ടികളാണ് ഇതിനെല്ലാം ഇരയാവുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒന്നിച്ചിരിക്കുന്നത് ശരിയല്ല. അത് ഭാരതസംസ്‌കാരത്തിന് എതിരാണ്. ജീവിതത്തെ കുറിച്ച് ഒന്നും അറിയാത്ത പ്രായത്തില്‍ കുട്ടികളെ ഒന്നായി ഇരുത്തുന്നത് ശരിയല്ല. സംസ്‌കാരവും കുടുംബവും അച്ഛനും അമ്മമാരും തമ്മിലുള്ള ബന്ധവുമെല്ലാം ഇതിലൂടെ നശിക്കുമെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.
