യുവാവിനെ കൊലപ്പെടുത്തി പുഴയിൽ തള്ളിയ സംഭവത്തിൽ അഞ്ച് പേർ കസ്റ്റഡിയിൽ
യുവാവിനെ കൊലപ്പെടുത്തി പുഴയിൽ തള്ളിയ സംഭവത്തിൽ അഞ്ച് പേർ കസ്റ്റഡിയിൽ. സ്വരാജ്, ഹക്കീം, അജയ്, ഷമീർ, മദൻ കുമാർ എന്നിവരെയാണ് പോലീസ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് നേരത്തെ തിരുവാലത്തൂർ സ്വദേശി ഋഷികേശിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പാലക്കാട് തത്തമംഗലം സ്വദേശി സുബീഷ് (21) ആണ് കൊല്ലപ്പെട്ടത്. ജൂലൈ 19 മുതൽ ഇയാളെ കാണാതായിരുന്നു. വീട്ടുകാർ പരാതി നൽകിയതിനെ തുടർന്ന് പോലീസ് അന്വേഷണം നടത്തിവരികയായിരുന്നു.
യാക്കര പുഴയുടെ സമീപത്ത് നിന്നുമാണ് സുബീഷിന്‍റെ മൃതദേഹം കണ്ടെത്തിയത്. ഫൊറൻസിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. ഫൊറൻസിക് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മാർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റും.
കഞ്ചാവ് മാഫിയയുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമികമായി നിഗമനം. ഈ മാസം 19ന് പാലക്കാട്ടെ മെഡിക്കൽ ഷോപ്പിനു സമീപം ബലമായി സ്കൂട്ടറിൽ കയറ്റി മലബാർ ആശുപത്രിക്ക് സമീപത്തെ ശ്മശാനത്തിൽ വച്ച് സുബീഷിനെ അടിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് വിവരം.
