വിമാനയാത്രക്കിടെ ഹൃദയാഘാതം; ഒപ്പമുണ്ടായിരുന്ന ഡോക്ടറും ക്യാബിൻ ക്രൂവും ചേർന്ന് മലയാളിയെ രക്ഷിച്ചു

വിമാനയാത്രക്കിടെ ഹൃദയാഘാതമുണ്ടായ മലയാളിയെ യാത്രയിൽ ഒപ്പമുണ്ടായിരുന്ന ഡോക്ടറും ക്യാബിൻ ക്രൂവും ചേർന്ന് രക്ഷിച്ചു. കണ്ണൂരിൽ നിന്ന് ദുബായിലേക്ക് പോകുന്ന ഗോ ഫസ്റ്റ് വിമാനത്തിൽ വച്ച് ഹൃദയാഘാതമുണ്ടായ യൂനുസ് റായൻറോത്ത് എന്നയാളാണ് അവസരോചിതമായ ഇടപെടൽ കാരണം ജീവിതത്തിലേക്ക് തിരികെയെത്തിയത്. യാത്രക്കാരനെ രക്ഷപ്പെടുത്താൻ ഇടപെട്ട ക്യാബിൻ ക്രൂ അംഗങ്ങൾക്ക് എയർലൈൻ ക്യാഷ് അവാർഡ് പ്രഖ്യാപിച്ചിട്ടുണ്ട്.
യൂനിസ് സഹായത്തിനായി വിളിച്ചപ്പോൾ ക്യാബിൻ ക്രൂ ഓടിയെത്തി. ഈ സമയത്ത് പൾസോ ശ്വാസമോ ഇല്ലാതെ ഇയാൾ അബോധാവസ്ഥയിലായിരുന്നു. തുടർന്ന് ഇയാളെ നിലത്തുകിടത്തിയ ക്രൂ അംഗങ്ങൾ സിപിആർ നൽകി. വിമാനത്തിലുണ്ടായിരുന്ന ഡോ. ഷബാർ അഹ്മദ് ക്രൂവിനൊപ്പം ചേർന്നു. അങ്ങനെ ഇയാൾ ജീവിതത്തിലേക്ക് തിരിച്ചെത്തുകയായിരുന്നു. ദുബായിൽ വിമാനം ലാൻഡ് ചെയ്തപ്പോൾ വീൽ ചെയറിലാണ് ഇയാളെ പുറത്തേക്ക് കൊണ്ടുപോയത്. യാത്രക്കാരനും ഡോക്ടർക്കും വിമാനത്തിൽ എവിടെ വേണമെങ്കിലും സഞ്ചരിക്കാനുള്ള ഫ്രീ പാസുകളും എയർലൈൻ നൽകി.