നടി അയച്ച വാട്ട്സ് ആപ്പ് ചാറ്റുകളും ചിത്രങ്ങളും വിജയ് ബാബു ഹൈക്കോടതിക്ക് കൈമാറി


യുവനടിയെ സംവിധായകൻ പീഡിപ്പിച്ചുവെന്ന ആരോപണത്തെ തുടർന്നുണ്ടായ കേസിൽ നടി അയച്ച വാട്ട്സ് ആപ്പ് ചാറ്റുകളും ചിത്രങ്ങളും വിജയ് ബാബു അഭിഭാഷകൻ മുഖേനെ ഹൈക്കോടതിക്ക് കൈമാറി. ഇന്ന് ഉച്ചയ്ക്ക് ജസ്റ്റിസ് പി ഗോപിനാഥ് അധ്യക്ഷനായ ബെഞ്ചാണ് വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യഹർജി പരിഗണിക്കുന്നത്.

നടിയുടേത് ബ്ലാക്ക്മൈലിംഗ് തന്ത്രങ്ങളാണെന്നാണ് വിജയ് ബാബുവിന്റെ വാദം. 2018 മുതൽ പരാതിക്കാരിയെ തനിക്ക് നേരിട്ടറിയാം. ഉഭയസമ്മതപ്രകാരമാണ് പരാതിക്കാരിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടത്. നടി പല തവണ പണം കടം വാങ്ങിയിട്ടുണ്ട്. സിനിമയിലെ അവസരത്തിന് വേണ്ടി നടി നിരന്തരം തന്നെ ബന്ധപ്പെട്ടിരുന്നുവെന്നും സംവിധായകൻ വ്യക്തമാക്കുന്നു.

വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും. വിജയ് ബാബു തിങ്കളാഴ്ച്ച രാവിലെ 9 മണിക്ക് കൊച്ചിയിലെത്തുമെന്നാണ് അഭിഭാഷകൻ എസ് രാജീവ് കോടതിയെ അറിയിച്ചിട്ടുള്ളത്. യാത്രാരേഖകളുടെ കോപ്പി കോടതിയിൽ നേരത്തേ ഹാജരാക്കിയിരുന്നു.

മാർച്ച് 16നും 22നും തന്നെ ഹോട്ടലിൽ വെച്ച് വിജയ് ബാബു പീഡിപ്പിച്ചുവെന്നാണ് നടിയുടെ പരാതി. ഏപ്രിൽ 14ന് നടി മറൈൻ ഡ്രൈവിലെ ലിങ്ക് ഹൊറൈസൺ ഫ്ളാറ്റിലെത്തിയിരുന്നുവെന്നും ഇവിടെവെച്ച് തന്റെ പുതിയ ചിത്രത്തിലെ നായികയോട് ദേഷ്യപ്പെട്ടെന്നും വിജയ് ബാബു പറയുന്നു. പൊലീസ് കേസ് എടുക്കുന്നതിന് മുമ്പാണ് താൻ ദുബായിലെത്തിയത് തുടങ്ങിയ വാദങ്ങളാണ് സംവിധായകൻ അഭിഭാഷകൻ മുഖേനെ കോടതിയെ അറിയിക്കുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed