ശ്രീനാരായണ ഓപ്പൺ സർവകലാശാലയ്ക്ക് 7 കോടി

2020ൽ സ്ഥാപിതമായ ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലയ്ക്ക് ഏഴുകോടി രൂപ ബജറ്റിൽ വിഹിതം അനുവദിച്ച് ധനമന്ത്രി കെഎൻ ബാലഗോപാൽ. സർവകലാശാലയിലെ പഠന വസ്തുക്കൾ തയ്യാറാക്കൽ, അക്കാദമിക് ബ്ലോക്കിന്റെ നവീകരണം, സൈബർ സെന്റർ, പ്രാദേശിക പഠന കേന്ദ്രങ്ങൾ തുടങ്ങിയ പ്രവർത്തനങ്ങൾക്കായാണ് ഏഴുകോടി രൂപ അനുവദിച്ചത്.
സർവകലാശാലയുടെ ആസ്ഥാനമന്ദിരം 2022−23ൽ തന്നെ നിർമാണം ആരംഭിക്കും. ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാല, കേരള സാങ്കേതിക സർവകലാശാല എന്നിവയുടെ ആസ്ഥാനമന്ദിര നിർമാണത്തിന് എംഎഡിപി എന്ന ഹെഡിൽ തുക വകയിരുത്തിയിട്ടുണ്ടെന്നും ധനമന്ത്രി വ്യക്തമാക്കി.
കേരളത്തിന്റെ വിദ്യാഭ്യാസ രംഗത്ത് വലിയ വിപ്ലവമായിട്ടാണ് ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാല സർക്കാർ സ്ഥാപിച്ചത്. വിദൂര വിദ്യാഭ്യാസ കോഴ്സുകളും ഓൺലൈൻ കോഴ്സുകളും പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് മുന്നിൽ സാധ്യതകളുടെ പുതിയ വാതായനം തുറക്കപ്പെടുമെന്നായിരുന്നു സർവകലാശാലാ സ്ഥാപനത്തിൽ സർക്കാർ പ്രഖ്യാപനം.