ബജറ്റ് 2022; വന്യജീവി ആക്രമണങ്ങൾക്ക് 25 കോടി

സംസ്ഥാനത്ത് വന്യജീവി ആക്രമണങ്ങൾ നേരിട്ടവർക്കുള്ള നഷ്ടപരിഹാരമായി 25 കോടി രൂപ ബജറ്റിൽ അനുവദിച്ച് ധനമന്ത്രി കെ എൻ ബാലഗോപാൽ. വന്യജീവികളുടെ ആക്രമണത്തിൽ ജീവഹാനി സംഭവിച്ചവരുടെ കുടുംബത്തിനും പരുക്കേറ്റ് ചികിത്സ തേടിയവർക്കും ആശ്വാസപ്രഖ്യാപനമാണ്. 2022−23 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് അവതരണം നിയമസഭയിൽ പുരോഗമിക്കുകയാണ്.
കാർഷിക മേഖലകളിലേക്ക് കടന്നുകയറിയുള്ള വന്യജീവി ആക്രമണങ്ങളിലൂടെ ജീവഹാനി സംഭവിച്ചവരുടെ ആശ്രിതർക്ക് 7 കോടി രൂപ നഷ്ടപരിഹാരം അനുവദിച്ചിട്ടുണ്ട്.
കേരളത്തിൽ കാലങ്ങളായി കർഷകർ നേരിടുന്ന പ്രശ്നമാണ് വന്യമൃഗശല്യം. ഒരു വർഷത്തിനിടെ നാലുകർഷകരാണ് കാട്ടുപന്നിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.
വന്യജീവികളുടെ ആക്രമണങ്ങളിൽ ജീവൻ നഷ്ടപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്യുന്നവർക്കുള്ള നഷ്ടപരിഹാര തുക വർധിപ്പിക്കണമെന്നും വനാതിർത്തികളിൽ താമസിക്കുന്നവർക്കു വേണ്ടി പ്രത്യേക ഇൻഷൂറൻസ് നടപ്പാക്കാനും സർക്കാർ തയാറാകണമെന്നും നേരത്തെ പ്രതിപക്ഷമുൾപ്പെടെ ആവശ്യപ്പെട്ടിരുന്നു.