ഒൗഷധവ്യാപാരികൾ രാജ്യവ്യാപകമായി പണിമുടക്കും

തിരുവനന്തപുരം: ഒൗഷധവ്യാപാരികൾ ഇന്ന് രാജ്യവ്യാപകമായി മെഡിക്കൽ സ്റ്റോറുകൾ അടച്ചിട്ട് സമരം ചെയ്യും. മരുന്ന് വ്യാപാരം ഒാൺലൈൻ ആക്കുവാനുള്ള കേന്ദ്രസർക്കാർ നീക്കത്തിൽ പ്രതിഷേധിച്ചാണ് സമരം. എന്നാൽ കോട്ടയം തിരുവനന്തപുരമടക്കമുള്ള ജില്ലകളിലെ കടയുടമകൾ സമരത്തിൽ നിന്നു വിട്ടുനിൽക്കും.
കോട്ടയം ജില്ലയിലെ നാനൂറോളം കടകൾ തുറന്നു പ്രവർത്തിക്കും. പ്രതിഷേധ സൂചനമായി കറുത്ത ബാഡ്ജ് ധരിച്ചു കരിദിനം ആചരിക്കുമെന്ന് അസോസിയേഷൻ ജില്ലാ സെക്രട്ടറി അറിയിച്ചു. സംസ്ഥാനത്തെ റീട്ടെയിൽ ഔഷധ സഹകരണ സംഘത്തിനു കീഴിൽ പ്രവർത്തിക്കുന്ന മെഡിക്കൽ ഷോപ്പുകളും സമരത്തിൽ പങ്കെടുക്കില്ല.
കാരുണ്യ, നീതി, മാവേലി സ്റ്റോറുകളും വിലക്കുറവിൽ മരുന്നുവിൽക്കുന്ന സഹകരണ സംഘങ്ങളും ഓൾ കേരള റീട്ടെയിൽ കെമിസ്റ്റ് ആൻഡ് ഡ്രഗിസ്റ്റ് അസോസിയേഷന്റെ കീഴിലുള്ള കടകളും തുറക്കുമെന്നു ഭാരവാഹികൾ അറിയിച്ചു.
ഡ്രഗ് ഇൻസ്പെക്ടർമാരോട് ഇന്നു പരിശോധന നടത്തണമെന്ന് ഡ്രഗ്സ് കൺട്രോളർ നിർദേശിച്ചിട്ടുണ്ട്. മരുന്നുക്ഷാമം നേരിട്ടാൽ 0471 2774614, 2471896 എന്നീ ഫോൺ നമ്പരുകളിൽ ബന്ധപ്പെടണം. ഓൺലൈൻ ഔഷധവ്യാപാരം തെറ്റായ പ്രവണതകൾ സൃഷ്ടിക്കുമെന്നാണ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ വാദം.
ഡോക്ടറുടെ കുറിപ്പോ, ഫാർമസിസ്റ്റിന്റെ നിർദേശമോ ഇല്ലാതെ മരുന്നു ലഭ്യമാകുന്നതു പൊതുജനാരോഗ്യത്തെ ബാധിക്കുമെന്നും ഐഎംഎ ഭാരവാഹികൾ പറഞ്ഞു. ഐഎംഎയും സമരത്തിനു പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.