ദാതാക്കൾ ഏജന്റുമാരാകുന്നു; ബംഗ്ലാദേശിൽ വൃക്ക വ്യാപാരം കൊഴുക്കുന്നു

കലായി (ബംഗ്ലാദേശ്): ഒറ്റത്തവണ തവണ വൃക്ക ദാനം ചെയ്തവർ ഏജന്റുമാരായി പ്രവർത്തിക്കാൻ തുടങ്ങിയതോടെ ബംഗ്ലാദേശിൽ വൃക്ക വ്യാപാരം കൊഴുക്കുന്നു. ഒരിക്കൽ വൃക്ക ദാനം ചെയ്യുന്നതോടെ വ്യാപാരത്തിന്റെ വിവിധ സാധ്യതകൾ മനസ്സിലാക്കുന്ന ദാതാക്കൾ മറ്റുള്ളവരെ പ്രലോഭിപ്പിച്ച് വൃക്കമാഫിയയിലേക്ക് എത്തിക്കുന്നതിലൂടെ ആയിരക്കണക്കിന് പേരാണ് ഇവിടെ ജീവിത മാർഗ്ഗം കണ്ടെത്തിയിരിക്കുന്നത്. ഇവരുടെ എണ്ണം ഞെട്ടിപ്പിക്കുന്ന രീതിയിൽ ദിനം പ്രതി വർദ്ധിച്ചു വരികയാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.
കടക്കെണിയിലും മറ്റും പെട്ട് ദാരിദ്ര്യത്തിൽ കഴിയുന്നവരെയാണ് വൃക്ക മാഫിയകൾ ലക്ഷ്യമിടുന്നത്. ഇരുപത്തിയെട്ടുകാരിയായ റൌഹാൻ അറയും ഇത്തരത്തിൽ വ്യാപാരത്തിലേക്ക് കടന്നു വന്നതാണ്. 'ദാരിദ്ര്യം കൊണ്ട് ഞാൻ തളർന്നിരുന്നു, വേറെ വഴികളൊന്നും അവശേഷിച്ചിരുന്നില്ല' റൌഹാൻ പറയുന്പോൾ അത് കലായി ജില്ലയിലെ മിക്കവരുടെയും വാക്കുകളാണ്. ഔദ്യോഗിക കണക്കുകൾ പ്രകാരം ഈ വർഷം നാൽപ്പത് പേരാണ് ഈ കൊച്ചു പ്രദേശത്ത് വൃക്ക ദാനം നടത്തിയിരിക്കുന്നത്. 2005 മുതൽ 200 ൽ അധികം പേരും.
ഭർത്താവ് കിടപ്പിലായതോടെ കുടുംബത്തിന്റെ മുഴുവൻ ഉത്തരവാദിത്വവും ഏറ്റെടുക്കേണ്ടി വന്നതാണ് ഈ സാധുസ്ത്രീക്ക്. ധാക്കയിൽ ഒരു ഗാർമന്റ് ഫാക്ടറിയിൽ ജോലി ചെയ്യാൻ തുടങ്ങിയെങ്കിലും വേതനം തുച്ഛമായിരുന്നു. ഏറ്റവുമൊടുവിൽ നിലനിൽപ്പിനായി സ്വന്തം വൃക്ക നൽകുകയായിരുന്നുവെന്ന് ഇവർ പറയുന്നുണ്ടെങ്കിലും പോലീസിന്റെ ഭാഷ്യം വേറെയാണ്. ബന്ധുക്കളാണ് ഇവരെ പ്രലോഭിപ്പിച്ച് വൃക്ക മാഫിയയുടെ വലയിലാക്കിയതെന്ന് ഇവർ പറയുന്നു.
ഒരു തവണ വൃക്ക നൽകുന്നവർ ആദ്യം തങ്ങളുടെ കുടുംബാംഗങ്ങളെയും പിന്നീട് ഗ്രാമ വാസികളേയുമാണ് ലക്ഷ്യമിടുന്നത്. ഗ്രാമത്തിൽ നിന്ന് 14 പേർ കാണാതായതായി റിപ്പോർട്ടുണ്ട്. ഇവർ വ്യാജപാസ്പോർട്ട് ഉപയോഗിച്ച് അയൽരാജ്യമായ ഇന്ത്യയിൽ വരികയും ഇവിടുത്തെ ആശുപത്രികളിൽ വച്ച് ശാസ്തക്രിയയ്ക്കു വിധേയരാകുകയും ചെയ്യുന്നതായും റിപ്പോർട്ടുകൾ പറയുന്നു. കോടികളുടെ വൻ മാഫിയ തന്നെ ഇതിനു പിന്നിലുണ്ടെന്നാണ് പറയപ്പെടുന്നത്. സാന്പത്തികമായും വിദ്യാഭ്യാസപരമായും പിന്നോക്കം നിൽക്കുന്ന പൗരന്മാരെ ഏറെ എളുപ്പത്തിലും ഇവർക്ക് സ്വാധീനിക്കാൻ സാധിക്കുന്നുമുണ്ട്.
പ്രമേഹവും മറ്റും കാരണം, ഔദ്യോഗിക കണക്കു പ്രകാരം എണ്‍പത് ലക്ഷത്തോളം പേർക്ക് ഇവിടെ വൃക്കസംബന്ധമായ രോഗങ്ങളുണ്ട്. ഇതിൽ രണ്ടായിരത്തോളം പേർക്ക് വൃക്ക മാറ്റിവയ്ക്കെണ്ടതായും വരുന്നുണ്ട്. എന്നാൽ അറിവില്ലായ്മയും ദാരിദ്യവും മുതലെടുത്ത് വൃക്ക മാഫിയ ഇവിടെ വേരുറപ്പിച്ചു കഴിഞ്ഞിരിക്കുന്നു. പലപ്പോഴും പോലീസും ഭരണസംവിധാനവും ഇവിടെ നോക്കുകുത്തികളാവുകയാണ്.