വെള്ളാപ്പള്ളിക്ക് വധഭീഷണി

കൊല്ലം: അഞ്ചുദിവസത്തിനകം തട്ടിക്കളയുമെന്ന് രണ്ടുദിവസം മുമ്പ് ടെലിഫോണില്‍ ആരുടെയോ വിളിവന്നെന്ന് എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഭാര്യയുമൊത്ത് കാറില്‍ യാത്ര ചെയ്യുമ്പോഴായിരുന്നു ഭീഷണിയെന്നും നമ്പര്‍ നോക്കിവച്ചില്ലെന്നും അദ്ദേഹം കൊല്ലം പ്രസ്‌ക്ലബ്ബിന്റെ തിരഞ്ഞെടുപ്പ് പരിപാടിയില്‍ പറഞ്ഞു. കൊല്ലാന്‍ പണ്ടും ശ്രമിച്ചിട്ടുണ്ട്. അതൊന്നും കാര്യമാക്കിയിട്ടില്ല.
വി.എസ്.അച്യുതാന്ദന്‍ ഈഴവനല്ലെന്നും കമ്യൂണിസ്റ്റാണെന്നും അദ്ദേഹം പറഞ്ഞു. വി.എസ്. പറയുമ്പോള്‍ കണക്കുവയ്ക്കാന്‍ ഇത് വി.എസ്സിന്റെ പാര്‍ട്ടിയല്ല. പറയേണ്ടവരോട് പറയും. എസ്.എന്‍.ട്രസ്റ്റിന് ഒരുലക്ഷം തന്നാല്‍ വി.എസ്സിനും ബോര്‍ഡില്‍ അംഗത്വം കൊടുക്കും. എന്നിട്ട് കണക്ക് ചോദിക്കാം. വി.എസ്സിനെ ഭയമില്ല, അദ്ദേഹത്തോട് സ്‌നേഹമാണ്.
ശാശ്വതീകാനന്ദയ്ക്കുമുമ്പില്‍ തുഷാര്‍ വെള്ളാപ്പള്ളി രാമനുമുമ്പില്‍ ഹനുമാനെന്ന പോലെയായിരുന്നു. സ്വാമിയാണ് തുഷാറിനെ സമുദായ പ്രവര്‍ത്തനത്തിനിറക്കിയത്. എന്നാല്‍ താന്‍ എതിര്‍ത്തിരുന്നു-വിദേശത്തുവച്ച് തുഷാറും സ്വാമിയും തമ്മില്‍ പ്രശ്‌നമുണ്ടായോ എന്ന ചോദ്യത്തിന് വെള്ളാപ്പള്ളി പറഞ്ഞു.
യോഗത്തിന്റെ നിയമോപദേശകനായ എ.എന്‍.രാജന്‍ബാബു മാന്യനാണ്. മുമ്പ് കോണ്‍ഗ്രസ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ കോണ്‍ഗ്രസ്സുകാര്‍ തന്നെ രാജന്‍ബാബുവിനെ ഒരുകോടി രൂപയുമായി സമീപിച്ചതാണ്. ചില സ്ഥലങ്ങളില്‍ യോഗം പ്രവര്‍ത്തകര്‍ അവര്‍ വിശ്വസിക്കുന്ന പാര്‍ട്ടികളുടെ ചിഹ്നത്തിലോ സ്വതന്ത്രരായോ മത്സരിക്കുന്നുണ്ട്. പുതിയ രാഷ്ട്രീയപ്പാര്‍ട്ടി വന്നാലും അവരുടെ ഇപ്പോഴത്തെ നിലപാട് തുടരാമെന്ന് വെള്ളാപ്പള്ളി പറഞ്ഞു.