കൊച്ചിയിൽ‍ എഎസ്ഐയെ കുത്തിയ പ്രതി പൾസർ സുനിയുടെ സഹ തടവുകാരൻ


കൊച്ചിയിൽ‍ എഎസ്ഐയെ കുത്തിയ പ്രതി വിഷ്ണു നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പൾ‍സർ‍ സുനിയുടെ സഹതടവുകാരനെന്ന് പൊലീസ്. പൾ‍സർ‍ സുനിക്ക് ജയിലിൽ‍ മൊബൈൽ‍ ഫോൺ എത്തിച്ച് നൽ‍കിയതും ജയിലിൽ‍ നിന്നും ദിലീപിന് എഴുതിയ കത്തുമായി പോയതും വിഷ്ണുവായിരുന്നു. അന്പതോളം ക്രിമിനൽ‍ കേസുകളിലെ പ്രതിയാണിയാൾ‍.

ഇടപ്പളളി മെട്രോ സ്റ്റേഷന് സമീപം എളമക്കര എഎസ്ഐ ഗിരീഷ് കുമാറിനെ കുത്തിയ സംഭവത്തിലാണ് വിഷ്ണുവിനെ പൊലീസ് പിടികൂടുന്നത്. ബൈക്ക് മോഷണവുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെയായിരുന്നു ആക്രമണം. കളമശേരി എച്ച്എംടി സ്വദേശിയായ വിഷ്ണു നടിയെ ആക്രമിച്ച കേസിൽ‍ ഒന്നാം പ്രതിയായ പൾ‍സർ‍ സുനിയുടെ സഹതടവുകാരനായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി.

കാക്കനാട്ട് ജയിലിൽ‍ കഴിയുന്പോഴായിരുന്നു പൾ‍സർ‍ സുനിയും വിഷ്ണുവും സഹതടവുകാരായത്. ജയിലിൽ‍ വച്ച് നടൻ ദിലീപിന് വേണ്ടി എഴുതിയ കത്ത് ഏൽ‍പ്പിക്കാൻ പൾ‍സർ‍ സുനി കൊടുത്തു വിട്ടത് വിഷ്ണുവിന്‍റ പക്കലായിരുന്നു. വിഷ്ണു കത്തുമായി ദിലീപിന്‍റെ വീട്ടിലെത്തിയെങ്കിലും ആ സമയം അവിടെയില്ലാത്തതിനാൽ‍ സഹോദരൻ അനൂപിന് കൈമാറി. ജയിലിൽ‍ നിന്നും പുറത്തിറങ്ങിയ വിഷ്ണു, ദിലീപിന്‍റെ മാനേജർ‍ അപ്പുണ്ണിയെയും സഹോദരൻ അനൂപിനെയും കണ്ടതിന്‍റെ തെളിവുകൾ‍ പൊലീസ് ശേഖരിച്ചിരുന്നു. കൂടാതെ ദിലീപിന്‍റെ സുഹൃത്തായ നാദിർ‍ഷയെയും വിഷ്ണു നിരവധി തവണ വിളിച്ചതിന്‍റെ ഫോൺ‍ രേഖകളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. അതോടൊപ്പം പൾ‍സർ‍ സുനിക്ക് ജയിലിലേക്ക് മൊബൈൽ‍ ഫോൺ എത്തിച്ച് നൽ‍കിയതും വിഷ്ണുവായിരുന്നു. സ്പോർ‍ട്സ് ഷൂവിനുളളിൽ‍ ഒളിപ്പിച്ചാണ് ഇയാൾ സുനിക്ക് മൊബൈൽ‍ എത്തിച്ച് നൽ‍കിയത്. കേസിൽ‍ ഇയാൾ‍ പത്താം പ്രതിയാണെങ്കിലും പിന്നീട് പ്രോസിക്യൂഷൻ മാപ്പുസാക്ഷിയാക്കി.

മോഷണം, മാലപറിക്കൽ‍, പിടിച്ചുപറി തുടങ്ങീ അന്പതിലധികം കേസുകളിൽ‍ പ്രതിയാണ് വിഷ്ണുവെന്ന് പൊലീസ് പറഞ്ഞു. സ്ഥിരം കുറ്റവാളിയായ ഇയാൾ‍ നിലവിൽ‍ എഎസ്ഐയെ കുത്തിയ കേസിൽ‍ റിമാൻഡിലാണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed