കൊല്ലത്ത് മിനി ബസും ലോറിയും കൂട്ടിയിടിച്ച് നാല് മത്സ്യത്തൊഴിലാളികൾ മരിച്ചു

കൊല്ലം
ചവറയിൽ മിനി ബസും ലോറിയും കൂട്ടിയിടിച്ച് നാല് മത്സ്യത്തൊഴിലാളികൾ മരിച്ചു. 24 പേർക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. തിരുവനന്തപുരം സ്വദേശികളായ കരുണാന്പരം (56), ബർക്കുമൻസ് (45), ജസ്റ്റിൻ (56) തമിഴ്നാട് സ്വദേശി ബിജു (35) എന്നിവരാണ് മരിച്ചത്. ഇടപ്പള്ളികോട്ടയ്ക്ക് സമീപമാണ് അപകടമുണ്ടായത്. പരിക്കേറ്റ രണ്ട് പേരുടെ ആരോഗ്യനില ഗുരുതരമാണ്. ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. റോയി, വർഗീസ് എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റത്.
35 മത്സ്യത്തൊഴിലാളികളുമായി തിരുവനന്തപുരം പുല്ലുവിളയിൽനിന്നും കോഴിക്കോട് ബേപ്പൂരിലേക്ക് പോകുകയായിരുന്ന മിനി ബസും തിരുവനന്തപുരത്തേയ്ക്ക് മീൻ കൊണ്ടുവന്ന ലോറിയുമാണ് അപകടത്തിൽപെട്ടത്. അപകടത്തിന്‍റെ കാരണം വ്യക്തമായിട്ടില്ല. നാട്ടുകാരും പോലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. മൃതദേഹങ്ങൾ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.