ലീഗിനെ നയിക്കുന്നത് ജമാഅത്തെ ഇസ്ലാമി ആശയങ്ങളെന്ന് കോടിയേരി

തിരുവനന്തപുരം: മുസ്ലീം ലീഗിനെ നയിക്കുന്നത് ജമാഅത്തെ ഇസ്ലാമിയുടെ ആശയങ്ങളെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പള്ളികളിൽ പ്രതിഷേധിക്കാൻ ആവശ്യപ്പെട്ടത് ഇതിന്‍റെ ഭാഗമായെന്നും കോടിയേരി ബാലകൃഷ്ണൻ പാളയം ഏരിയാ സമ്മേളനത്തിൽ പറഞ്ഞു. തലശ്ശേരിയില്‍ ആർഎസ്എസുകാർ കലാപത്തിന് ബോധപൂർവം ശ്രമിക്കുന്നുണ്ടെന്നും കോടിയേരി പറഞ്ഞു.
മതന്യൂനപക്ഷങ്ങളെ ആര്‍എസ്എസ് വെല്ലുവിളിക്കുകയാണ്. ഹലാൽ എന്ന വാക്കിനെ തെറ്റായി ചിത്രീകരിച്ച് മതചിഹ്നം ആക്കാൻ ശ്രമം നടക്കുന്നുണ്ട്. ചില മുസ്ലീം സംഘടനകൾ ഇതിനു ബദലായി പ്രവർത്തിക്കുന്നുണ്ടെന്നും കോടിയേരി പറഞ്ഞു. അധികാര ദല്ലാൾമാരായി പാർട്ടി സഖാക്കൾ പ്രവർത്തിക്കരുത്. ആരും സ്വയം അധികാര കേന്ദ്രങ്ങളാകരുത്. എല്ലാം പാർട്ടിയുമായി ആലോചിക്കണമെന്നും കോടിയേരി പറഞ്ഞു.