മുല്ലപ്പെരിയാറിൽ മരംമുറിക്കാന്‍ തമിഴ്നാടിന് അനുമതി; സര്‍ക്കാര്‍ അറിഞ്ഞിട്ടില്ലെന്ന് വനംമന്ത്രി

മുല്ലപ്പെരിയാറിൽ മരം മുറിക്കാൻ അനുമതി നൽകിയത് സർക്കാർ അറിവോടെയല്ലെന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ. ബേബി ഡാമിലെ 15 മരങ്ങൾ മുറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫിസ് അനുമതി നൽകിയില്ല. ഉദ്യോഗസ്ഥ തലത്തിൽ മാത്രം തീരുമാനമെടുക്കേണ്ട വിഷയമല്ല ഇതെന്നും മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും അനുമതി നൽകിയത് വീഴ്ചയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
താനറിയാതെ 15 മരങ്ങൾ മുറിക്കുന്നതിന് അനുമതി നൽകിയ സംഭവത്തിൽ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് & ചീഫ് വൈൽഡ് ലൈഫ് വാർഡനോട് മന്ത്രി എ.കെ.ശശീന്ദ്രൻ അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ടിരിക്കുകയാണ്. തമിഴ്നാട് ജലവിഭവവകുപ്പ് മന്ത്രി എസ് ദുരൈമുരുഗനും സംഘവും മുല്ലപ്പെരിയാർ സന്ദർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മരങ്ങൾ മുറിച്ച് നീക്കാനുള്ള വിവാദ അനുമതി കേരളം തമിഴ്നാടിന് നൽകുന്നത്.