വാക്സിനെടുക്കാത്ത ജീവനക്കാർ സ്കൂളുകളിൽ വരേണ്ടതില്ലെന്ന് മന്ത്രി

തിരുവനന്തപുരം: വാക്സിനെടുക്കാത്ത ജീവനക്കാർ സ്കൂളുകളിൽ വരേണ്ടതില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. ഇതിനായി പ്രത്യേക ഉത്തരവ് ഇറക്കില്ല. ഇതൊരു നിർദേശമായി എല്ലാവരും കാണണമെന്നും അദ്ദേഹം വ്യക്തമാക്കി. കുട്ടികളുടെ സുരക്ഷയ്ക്കാണ് പ്രഥമ പരിഗണന നൽകുന്നത് അതിനാലാണ് വാക്സിനെടുക്കാത്ത ജീവനക്കാർ സ്കൂളുകളിൽ വരേണ്ടെന്ന് പറയാൻ കാരണമെന്നും മന്ത്രി പറഞ്ഞു. സർക്കാർ ഇറക്കിയ മാർഗരേഖ അനുസരിച്ച് സ്കൂളുകളിൽ പ്രവേശനോത്സവം നടത്തണം. സ്കൂൾ തുറന്ന് രണ്ടാഴ്ചക്കാലം സിലബസ് പ്രകാരമുള്ള ക്ലാസുകൾ വേണ്ടെന്നും ലളിതമായ ക്ലാസുകൾ മാത്രം മതിയെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രവേശനോത്സവത്തിന് മുന്നോടിയായി കോട്ടൺഹിൽ സ്കൂളിലെ ക്രമീകരണങ്ങൾ നേരിൽ കണ്ട് വിലയിരുത്താൻ എത്തിയപ്പോൾ മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.