യുകെയിൽ നിന്നും വരുന്നവർക്ക് 10 ദിവസത്തെ ക്വാറന്‍റൈൻ നിർബന്ധം

തിരുവനന്തപുരം: അന്താരാഷ്ട്ര യാത്രക്കാർക്കുള്ള മാർഗനിർദേശം പുതുക്കിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. യുകെയിൽ നിന്നും വരുന്നവർക്ക് 10 ദിവസത്തെ ക്വാറന്‍റൈന്‍ നിർബന്ധമാക്കി. സൗത്ത് ആഫ്രിക്ക, ബ്രസീൽ, യൂറോപ്പ് എന്നിവിടങ്ങളിൽ നിന്നും വരുന്ന യാത്രക്കാർക്ക് ഏഴ് ദിവസത്തെ നിർബന്ധിത ക്വാറന്‍റൈന്‍ ആവശ്യമാണ്.
എല്ലാ അന്താരാഷ്ട്ര യാത്രക്കാരും എയർപോർട്ടിൽ എത്തുന്പോൾ ആർടിപിസിആർ പരിശോധന നടത്തണം. ബാക്കിയുള്ള രാജ്യങ്ങളിൽ നിന്നും വരുന്നവരുടെ എയർപോർട്ടിൽ നിന്നുള്ള ആർടിപിസിആർ പരിശോധന നെഗറ്റീവാണെങ്കിൽ 14 ദിവസത്തെ സ്വയം നിരീക്ഷണം ആവശ്യമാണ്. എന്തെങ്കിലും രോഗലക്ഷണമുള്ളവർ ഉടന്‍ തന്നെ ആർടിപിസിആർ പരിശോധന നടത്തണമെന്നും മന്ത്രി വ്യക്തമാക്കി. ഇതുകൂടാതെ യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീൽ, യൂറോപ്പ്, മിഡിൽ ഈസ്റ്റ്, ബംഗ്ലാദേശ്, ബോട്‌സ്വാന, ചൈന, മൗറീഷ്യസ്, ന്യൂസിലൻഡ്, സിംബാവ്‌വെ തുടങ്ങിയ രാജ്യങ്ങളിൽ നിന്നും വന്നവരുടെ സാന്പിളുകൾ ജനിതകമാറ്റം വന്ന വൈറസിന്‍റെ പരിശോധനയ്ക്കും അയയ്ക്കുന്നതാണ്.