നിതിനയുടെ കൊലപാതകം; പ്രതി അഭിഷേക് പുതിയ ബ്ലേഡ് വാങ്ങിയതായി മൊഴി

പാലാ കൊലപാതകം; നിതിനാ മോളെ കൊലപ്പെടുത്താൻ പ്രതി അഭിഷേക് പുതിയ ബ്ലേഡ് വാങ്ങിയതായി മൊഴി. പേപ്പർ കട്ടറിൽ ഉണ്ടായിരുന്ന പഴയ ബ്ലേഡ് മാറ്റി പുതിയത് ഇടുകയായിരുന്നു. ഈ കടയിൽ അടക്കം പൊലീസ് തെളിവെടുപ്പ് നടത്തും. ബ്ലേഡ് വാങ്ങിയത് ഒരാഴ്ച മുൻപ് കൂത്താട്ടുകുളത്തെ കടയിൽ നിന്നെന്നും പ്രതിയുടെ മൊഴി.
പ്രതിയെ ഇന്ന് പാലാ സെന്റ് തോമസ് കോളജിൽ എത്തിച്ച് തെളിവെടുപ്പ് നടത്തും. പ്രതിയെ ഒരു ദിവസത്തേക്ക് കസ്റ്റഡിയിൽ വാങ്ങാൻ തീരുമാനിച്ചതായി പൊലീസ് അറിയിച്ചു. പ്രണയം നിരസിച്ചതോടെ പെൺകുട്ടിയുടെ അമ്മയ്ക്കും പ്രതി ഭീഷണി സന്ദേശം അയച്ചിരുന്നു.
അതേസമയം,നിതിനയുടെ പോസ്റ്റ്‌മോർട്ടം ഇന്ന് കോട്ടയം മെഡിക്കൽ കോളജിൽ നടക്കും. തുടർന്ന് തലയോലപ്പറമ്പിലെ വീട്ടിൽ ഒരു മണിക്കൂർ പൊതുദർശനം നടത്തും. ഉച്ചയോടെ വൈക്കം തുറുവേലിക്കുന്നിലെ ബന്ധുവീട്ടിലാണ് സംസ്‌കാരം.
ഒക്ടോബർ ഒന്നിന് രാവിലെ പതിനൊന്നരയോടെയാണ് പാലാ സെന്റ് തോമസ് കോളജിൽ നാടിനെ നടുക്കിയ കൊലപാതകം നടന്നത്. അവസാനവർഷ ഫുഡ് ടെക്നോളജി പരീക്ഷ എഴുതാൻ എത്തിയതായിരുന്നു നിതിന മോളും അഭിഷേക് ബൈജുവും. പതിനൊന്ന് മണിയോടെ പരീക്ഷ ഹാളിൽ നിന്ന് അഭിഷേക് ഇറങ്ങി. നിതിനയെ കാത്ത് വഴിയരികിൽ നിന്ന അഭിഷേക് വഴക്കുണ്ടാക്കി ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു.