പുതിയ നികുതികളൊന്നും പ്രഖ്യാപിക്കാതെ രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ ബജറ്റ്

തിരുവനന്തപുരം: കോവിഡിന്റെ പശ്ചാത്തലത്തിൽ പുതിയ നികുതികളൊന്നും പ്രഖ്യാപിക്കാതെ രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ ബജറ്റ്. സംസ്ഥാനത്തിന്റെ ധനസ്ഥിതി അത്ര സുഖകരമല്ലെന്ന് ധനമന്ത്രി പറയുന്നു. കിഫ്ബിയിലൂടെയും വായ്പകളിലൂടെയും പണം കണ്ടെത്താൻ കഴിയുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ. നികുതി, നികുതി ഇതര വരുമാനം കൂട്ടി മുന്നോട്ട് പോകാനാണ് തീരുമാനം. ഇതിന് ജനങ്ങൾ ഉത്സാഹം കാണിക്കണമെന്നും ധനമന്ത്രി ബജറ്റവതരണ പ്രസംഗത്തിൽ പറഞ്ഞു. നികുതി വെട്ടിക്കുന്നവരെ നിലക്ക് നിർത്തും. വ്യാപാരികളെ സമ്മർദ്ദത്തിലാക്കാൻ മുതിരില്ലെന്നും ധനമന്ത്രി നിയമസഭയിൽ വ്യക്തമാക്കി.
സംസ്ഥാനം കോവിഡ് പ്രതിസന്ധി മറികടന്നാൽ പുതിയ നികുതി നിർദേശങ്ങളെ കുറിച്ച് ആലോചിക്കുമെന്നും ധനമന്ത്രി പറഞ്ഞു. സർക്കാരിന് കൊടുക്കേണ്ട നികുതി എല്ലാവരും കൊടുക്കാൻ തയ്യാറായാൽ തന്നെ പ്രതിസന്ധി തീരും. ജനങ്ങളുടെ പങ്കാളിത്തത്തോടെ മാത്രമെ സാന്പത്തിക പ്രതിസന്ധി മറികടക്കാനാകുവെന്നും ധനമന്ത്രി പറയുന്നു.