കവി കെ.വി. തിക്കുറിശ്ശി കോവിഡ് ബാധിച്ച് മരിച്ചു

പ്രശസ്തസാഹിത്യകാരനും അധ്യാപകനുമായിരുന്ന കെ.വി. തിക്കുറിശ്ശി (88) കോവിഡ് ബാധിച്ച് മരിച്ചു. ഏതാനും ദിവസങ്ങളായി ചികിത്സയിലിരിക്കെയാണ് അന്ത്യം. മാർത്താണ്ഡം തിക്കുറിശ്ശി പട്ടത്തോട്ടത്തും വീട്ടിൽ ജനിച്ച വി.വി. കൃഷ്ണവർമൻനായർ എന്ന കെ.വി. തിക്കുറിശ്ശി കന്യാകുമാരി ജില്ലാ വിഭജനത്തിന്റെ കാലത്താണ് തിരുവനന്തപുരം തന്റെ കർമമേഖലയായി തിരഞ്ഞെടുത്തത്. ഭക്രാനംഗൽ എന്ന ഖണ്ഡകാവ്യത്തിന് കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് ലഭിച്ചിട്ടുണ്ട്. കവിതാസമാഹാരം, ബാലസാഹിത്യം, ജീവചരിത്രം, യാത്രാവിവരണം എന്നിവയിൽ നിരവധി കനമുള്ള ഗ്രന്ഥങ്ങളുടെ രചയിതാവാണ് കെ.വി തിക്കുറിശ്ശി.ആർ.നാരായണപ്പണിക്കരുടെ ജീവചരിത്രം, ചട്ടന്പി സ്വാമികളുടെ ജീവചരിത്രം കുട്ടികൾക്കുവേണ്ടി വിക്രമാദിത്യകഥകൾ തുടങ്ങി ധാരാളം പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. ശ്രീമഹാഭാഗവതത്തിന്റെ പദാനുപദ ഗദ്യവിവർത്തനമാണ് ഒടുവിൽ പ്രസിദ്ധീകരിച്ച ഗ്രന്ഥം. കേരള സാഹിത്യഅക്കാദമി, കലാമണ്ഡലം, കേരള സംഗീതഅക്കാദമി എന്നിവയിൽ അംഗമായിരുന്നു.