ഫിലിപ്പോസ് മാർ‍ ക്രിസോസ്റ്റം വ​ലി​യ മെ​ത്രാ​പ്പൊ​ലിത്ത കാലം ചെയ്തു


പത്തനംതിട്ട: മാർത്തോമ്മാ സഭാ വലിയ മെത്രാപ്പൊലിത്ത പത്മഭൂഷൺ ഡോ. ഫിലിപ്പോസ് മാർ‍ ക്രിസോസ്റ്റം (103) കാലം ചെയ്തു. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാർ‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടർ‍ന്ന് കുന്പനാട്ടുള്ള മിഷൻ ആശുപത്രിയിലായിരുന്നു വലിയ മെത്രാപ്പോലിത്ത വിശ്രമിച്ചിരുന്നത്. ഭൗതിക ശരീരം അൽപ സമയത്തിനകം തിരുവല്ല അലക്സാണ്ടർ മാർത്തോമ്മാ സ്മാരക ഹാളിലേക്കു മാറ്റും. കബറടക്കം നാളെ. ശാരീരിക ക്ഷീണത്തെ തുടർന്ന് വെള്ളിയാഴ്ച തിരുവല്ല ബിലീവേഴ്സ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത ചൊവ്വാഴ്ചയാണ് ആശുപത്രി വിട്ടത്. 

ലോകത്തെ തന്നെ ഏറ്റവും പ്രായം കൂടിയ മെത്രാപ്പോലിത്തയായിരുന്നു ഫിലിപ്പോസ് മാർ‍ ക്രിസോസ്റ്റം. ഏപ്രിൽ 27നാണ് അദ്ദേഹത്തിന് 104 വയസ് തികഞ്ഞത്. സ്വത സിദ്ധമായ നർ‍മ്മത്തിലൂടെ തലമുറകളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ആത്മീയാചാര്യനെ രാജ്യം പത്മഭൂഷൻ നൽകി ആദരിച്ചിട്ടുണ്ട്. കുന്പനാട് കലമണ്ണിൽ‍ കെ.ഇ ഉമ്മൻ കശീശയുടേയും ശോശാമ്മയുടെയും മകനായി 1918 ഏപ്രിൽ‍ 27ന് ജനിച്ചു. തിരുമേനിയുടെ ആദ്യനാമം ഫിലിപ്പ് ഉമ്മന്‍ എന്നാണ്. മാരാമൺ, കോഴഞ്ചേരി, ഇരവിപേരൂർ എന്നീ സ്ഥലങ്ങളിൽ നിന്നും ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. ആലുവാ യുസി കോളേജിലെ ബിരുദ പഠനത്തിന് ശേഷം ബാംഗ്ലൂർ യൂണിയൻ തിയോളജിക്കൽ കോളേജ്, കാന്‍റർബറി സെന്‍റ്.അഗസ്റ്റിൻ കോളേജ് എന്നിവിടങ്ങളിൽ നിന്നും ദൈവശാസ്ത്ര വിദ്യാഭ്യാസം നടത്തി. 1953 മേയ് 23ന് മാർ‍ത്തോമ്മാ സഭയിൽ‍ എപ്പിസ്കോപ്പയായി അഭിഷിക്തനായി. 1999 മുതൽ‍ 2007വരെ സഭയുടെ പരമാധ്യക്ഷനും. കേരളത്തിന്‍റെ ആത്മീയ−സാമൂഹിക മണ്ഡലത്തിൽ‍ എന്നും നിറഞ്ഞുനിൽ‍ക്കുന്ന, ദൈവത്തിന്‍റെ സ്വർ‍ണനാവിനുടമ എന്നറിയപ്പെടുന്ന വ്യക്തി കൂടിയായിരുന്നു ക്രിസോസ്റ്റം. ആഴമേറിയ വിശ്വാസ പ്രമാണങ്ങൾ അത്രമേൽ സരസവും സരളവുമായി സാധാരണക്കാരിലേക്ക് എത്തിച്ച സന്യാസി വര്യനായിരുന്നു ഫിലിപ്പോസ് മാർ‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലിത്ത.

You might also like

  • Straight Forward

Most Viewed