ആലപ്പുഴയില്‍ ഗൾഫിൽ നിന്നെത്തിയ യുവതിയെ വീടാക്രമിച്ച് തട്ടിക്കൊണ്ടുപോയി
ആലപ്പുഴ: ഗൾഫിൽ നിന്നെത്തിയ യുവതിയെ വീട്ടിൽ നിന്ന് അജ്ഞാത സംഘം തട്ടികൊണ്ടുപോയി. ആലപ്പുഴ മാന്നാറിൽ പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം. നാല് ദിവസം മുന്പ് ഗൾഫിൽ നിന്നെത്തിയ കൊരട്ടിക്കാട് സ്വദേശിനി ബിന്ദുവിനെയാണ് തട്ടികൊണ്ടുപോയത്. വീടിന്റെ വാതിൽ തകർത്ത ശേഷം ബലംപ്രയോഗിച്ച് ബിന്ദുവിനെ തട്ടികൊണ്ടുപോകുകയായിരുന്നു. സംഭവത്തിൽ മാന്നാർ പോലീസ് കേസെടുത്തു. ഗൾഫിൽ സൂപ്പർമാർക്കറ്റിൽ അക്കൗണ്ടന്റായി ജോലി ചെയ്യുകയാണ് ബിന്ദു.15 പേരടങ്ങിയ സംഘമാണ് സംഭവത്തിന് പിന്നിലെന്ന് കുടുംബം പറയുന്നു. വീടിന്റെ ഗെയ്റ്റ് തുറന്ന് അകത്തെത്തിയ സംഘം കോളിങ് ബെല്ലടിച്ചു. മുറ്റത്ത് പത്ത്-പതിനഞ്ച് പേർ കന്പി വടിയും വടിവാളുമായി നിന്നിരുന്നു. പോലീസിനെ വിളിക്കാൻ ശ്രമിച്ചെങ്കിലും അതിനുമുന്പ് വാതിൽ പൊളിച്ച് അക്രമികൾ അകത്തുകടന്നു. ബിന്ദുവിനെ ബലമായി പിടിച്ചുകൊണ്ടുപോകുകയായിരുന്നു. കൊടുവള്ളി സ്വദേശികളാണ് സംഭവത്തിന് പിന്നിലെന്നും വീട്ടുകാർ ആരോപിച്ചു.




