ഇ.എം.സി.സിയുമായുള്ള വിവാദ ധാരണപത്രം റദ്ദാക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം
തിരുവനന്തപുരം: ആഴക്കടൽ മത്സ്യബന്ധനത്തിൽ ഇ.എം.സി.സിയുമായി കെ.എസ്.ഐ.എന്‍.സി ഉണ്ടാക്കിയ ധാരണാപത്രം സർക്കാർ റദ്ദാക്കും. മുഖ്യമന്ത്രിയുടെ നിർദേശത്തെ തുടർന്നാണ് നടപടി. കെ.എസ്.ഐ.എന്‍.സി എം.ഡി എൻ പ്രശാന്തിനെതിരെ നടപടിക്ക് സാധ്യത. സർക്കാരിന് വേണ്ടെങ്കിൽ പദ്ധതി റദ്ദാക്കട്ടെയെന്ന് ഇ.എം.സി.സി പ്രസിഡന്റ് ഷിജു ജോർജ് മീഡിയവണിനോട് പറഞ്ഞു. ഇടത് സര്‍ക്കാരിന്റെ മത്സ്യബന്ധന നയത്തിന് വിരുദ്ധമായ നടപടിയാണ് കെ.എസ്.ഐ.എന്‍.സിന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്നാണ് ഫിഷറീസ് വകുപ്പ് പറയുന്നത്. അതിനാല്‍ കെ.എസ്.ഐ.എന്‍.സി എംഡിയായ എന്‍.പ്രശാന്ത് ഐഎഎസിനെതിരെ സര്‍ക്കാര്‍ നടപടിയുണ്ടാകുമെന്നാണ് വിവരം. വിവാദങ്ങള്‍ക്ക് കാരണം ട്രോളര്‍ നിര്‍മാണ ധാരണയാണെന്ന നിലപാടിലാണ് ഫിഷറീസ് വകുപ്പ്. ട്രോളര്‍ നിര്‍മിക്കാനുള്ള തീരുമാനം ഷിപ്പിങ് കോര്‍പറേഷന്‍ പിആര്‍ഡി വഴി വാര്‍ത്താക്കുറിപ്പായി നല്‍കിയതും പ്രതിപക്ഷ ആരോപണത്തിന് ബലം നല്‍കിയതായി വിലയിരുത്തുന്നു.




