പിഡബ്ല്യൂസിയെ വിലക്കിയ സർക്കാർ നടപടിയ്ക്ക് ഹൈക്കോടതിയുടെ സ്റ്റേ
കൊച്ചി: പ്രൈസ് വാട്ടർ കൂപ്പേഴ്സിനെ(പിഡബ്ല്യൂസി) വിലക്കിയ സംസ്ഥാന സർക്കാർ നടപടിയ്ക്ക് ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ. ഒരാഴ്ചത്തേക്കാണ് ഹൈക്കോടതി സ്‌റ്റേ ചെയ്തത്. തങ്ങളുടെ ഭാഗം കേട്ടില്ലെന്ന പിഡബ്ല്യൂസിയുടെ വാദം അംഗീകരിച്ചാണ് നടപടി.
ജസ്റ്റിസ് പി വി ആശയുടെ ബെഞ്ചാണ് കേസ് പരിഗണിച്ചത്. നിയമനങ്ങളിലെ സുതാര്യത കുറവാണെന്നും, യോഗ്യതയില്ലാത്തവരെ നിയമിച്ചുവെന്നും ആരോപിച്ചായിരുന്നു സർക്കാർ രണ്ട് വർഷത്തേക്ക് ഐടി പദ്ധതികളിൽ നിന്ന് പ്രൈസ് വാട്ടർ കൂപ്പേഴ്സിനെ വിലക്കിയത്. കെ ഫോൺ പദ്ധതിയുടെ ചുമതലയിൽ നിന്നും ഒഴിവാക്കി. നടപടി ചോദ്യം ചെയ്ത് പിഡബ്ല്യൂസി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
കേരള സ്റ്റേറ്റ് ഇൻഫർമേഷൻ ടെക്നോളജി ഇൻഫ്രാസ്ട്രേക്ച്ചർ ലിമിറ്റഡ് പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റായി പ്രൈസ് വാട്ടർ കൂപ്പേഴ്സിനെ സ്പെയ്സ് പാർക്കിൽ സർക്കാർ നിയമിച്ചിരുന്നു. ജീവനക്കാരെ തിരഞ്ഞെടുക്കുന്നതുൾപ്പെടെയുള്ള ചുമതല ഇവർക്കായിരുന്നു നൽകിയിരുന്നത്.

