ബുറെവി ചുഴലിക്കാറ്റ് ഇന്ന് ശ്രീലങ്കയിൽ പ്രവേശിക്കും: കേരളം അതീവ ജാഗ്രതയിൽ
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ബുറെവി ചുഴലിക്കാറ്റ് നിലവിൽ കന്യാകുമാരിയിൽ നിന്നും 740 കിലോമീറ്റർ അകലെയെത്തി. ബംഗാൾ ഉൾക്കടലിൽ നിന്നും തെക്കേ ഇന്ത്യൻ മുനന്പിലേക്ക് നീങ്ങുന്ന ബുറെവി ചുഴലിക്കാറ്റ് ഇന്ന് രാത്രിയോടെ ശ്രീലങ്കയിൽ പ്രവേശിക്കും എന്നാണ് പ്രവചനം. നാളെ ശ്രീലങ്കയും കടന്ന് തമിഴ്നാട് തീരത്തേക്ക് കാറ്റ് അടുക്കുന്നതോടെയാണ് കേരളത്തിൽ ബുറെവിയുടെ സ്വാധീനം ആരംഭിക്കുക. നാളെ ഉച്ചമുതൽ മറ്റന്നാൾ ഉച്ചവരെ തെക്കൻ ജില്ലകളിൽ അതീവ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വിദഗ്ദ്ധർ ആവശ്യപ്പെട്ടിട്ടുണ്ട്.
തിരുവനന്തപുരം മുതൽ പാലക്കാട് വരെയുള്ള ജില്ലകളിലാണ് ജാഗ്രതാ നിർദേശം നൽകിയിട്ടുള്ളത്. ഈ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. തെക്കൻ ജില്ലകളിൽ പ്രത്യേകിച്ചും കനത്ത മഴയ്ക്കും കാറ്റിനും ബുറെവി വഴി തുറക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ നാളെ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
നിലവിൽ 11 കിലോമീറ്റർ വേഗതയിലാണ് ബുറെവി ചുഴലിക്കാറ്റ് മുന്നോട്ട് നീങ്ങുന്നത്. തമിഴ്നാട്ടിലെ ട്രിങ്കോമാലിക്ക് 330 കിലോമീറ്ററും കന്യാകുമാരിക്ക് 740 കിലോമീറ്ററും അകലെയായിട്ടാണ് ചുഴലിക്കാറ്റിന്റെ സാന്നിധ്യം. അടുത്ത 12 മണിക്കൂറിൽ കൂടുതൽ കരുതാർജ്ജിക്കുന്ന ബുറെവി പടിഞ്ഞാറ് - വടക്ക് പടിഞ്ഞാറ് ദിശയിൽ തന്നെ സഞ്ചരിച്ച് ഇന്ന് രാത്രി തന്നെ ശ്രീലങ്കൻ തീരത്ത് പ്രവേശിക്കും എന്നാണ് പ്രവചനം.
മണിക്കൂറിൽ 95 കിലോമീറ്റർ വരെ വേഗതയിൽ ശ്രീലങ്കയിൽ പ്രവേശിക്കുന്ന കാറ്റ് തുടർന്നും വടക്ക് - പടിഞ്ഞാറൻ ദിശയിൽ സഞ്ചരിച്ച് വെള്ളിയാഴ്ച പുലർച്ചെയോടെയാവും തമിഴ്നാട് തീരത്ത് എത്തുക. തമിഴ്നാട് തീരത്തേക്ക് നാളെ ഉച്ചയോടെ ചുഴലിക്കാറ്റ് എത്തുന്പോൾ മുതൽ തെക്കൻ കേരളത്തിൽ അതിന്റെ ആഘാതം അനുഭവപ്പെട്ട് തുടങ്ങും. തിരുവനന്തപുരം മുതൽ പാലക്കാട് വരെയുള്ള ജില്ലകളിൽ വ്യാപകമായും തിരുവനന്തപുരം അടക്കമുള്ള അടക്കമുള്ള ജില്ലകളിൽ അതിതീവ്രമഴയ്ക്കും സാധ്യതയുണ്ട്.

