പെരിയ ഇരട്ടക്കൊലപാതക കേസ്: സർക്കാർ സഹകരിക്കുന്നില്ലെന്ന് സിബിഐ
ന്യൂഡൽഹി: പെരിയ ഇരട്ടക്കൊലപാതക കേസിൽ അന്വേഷണത്തിന് സംസ്ഥാന സർക്കാർ സഹകരിക്കുന്നില്ലെന്ന് സിബിഐ. കേസ് ഡയറി ഉൾപ്പടെയുള്ള കാര്യങ്ങൾ സർക്കാർ കൈമാറിയിട്ടില്ലെന്ന് സിബിഐ സുപ്രീംകോടതിയെ അറിയിച്ചു. അന്വേഷണ വിവരങ്ങൾ അടങ്ങിയ റിപ്പോർട്ട് സീൽ വച്ച കവറിലാണ് സിബിഐ സുപ്രീംകോടതിയിൽ സമർപ്പിച്ചത്.
സർക്കാരിന്റെ ഭാഗത്തു നിന്ന് നിസഹകരണം ഉണ്ടെങ്കിലും അന്വേഷണവുമായി മുന്നോട്ടുപോവുകയാണെന്നും നിരവധി പേരുടെ ഫോൺ വിവരങ്ങൾ ശേഖരിച്ചതായും സിബിഐ വൃത്തങ്ങൾ അറിയിച്ചു. കേസ് നാളെ സുപ്രീംകോടതി പരിഗണിക്കും. സിബിഐ അന്വേഷണം തുടങ്ങിയെങ്കിൽ ഇടപെടില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.
കേസുമായി ബന്ധപ്പെട്ട രേഖകൾ സർക്കാർ നൽകുന്നില്ലെന്ന് സിബിഐ നേരത്തെയും സുപ്രീംകോടതിയെ അറിയിച്ചിരുന്നു. കേസ് രേഖകൾ തേടി ഏഴ് തവണയാണ് സിബിഐ കത്ത് നൽകിയത്. എന്നിട്ടും പൊലീസ് അനങ്ങിയില്ല. സുപ്രീംകോടതിയുടെ അന്തിമ വിധി വന്നിട്ടില്ലെന്നാണ് ക്രൈംബ്രാഞ്ചിന്റെ വാദം. സിബിഐ അന്വേഷണം ചോദ്യം ചെയ്ത് കൊണ്ടുളള അന്തിമ ഉത്തരവ് വരാത്തത് കൊണ്ടാണ് രേഖകൾ കൈമാറാത്തതെന്നാണ് പൊലീസ് പറയുന്നത്.




