ഐഫോൺ ലഭിച്ചതിൽ ഒരാൾ കോടിയേരിയുടെ മുൻ പിഎസ്സെന്ന് ചെന്നിത്തല

തിരുവനന്തപുരം: ഐഫോൺ വാങ്ങി നൽകിയെന്ന യുണിടാക് എംഡിയുടെ വെളിപ്പെടുത്തലിനെതിരെ കൂടുതൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആറ് ഐഫോൺ കൈപ്പറ്റിയവരിൽ മൂന്ന് പേരെ കണ്ടെത്തിയെന്നും അതിലൊരാൾ മുൻ ആഭ്യന്തരമന്ത്രിയായിരുന്ന കോടിയേരിയുടെ പേഴ്സണൽ സ്റ്റാഫ് അംഗമായിരുന്ന എം.പി. രാജീവനാണ് ലഭിച്ചതെന്നും ചെന്നിത്തല പറഞ്ഞു.
“ഞാൻ നടത്തിയ അന്വേഷണത്തിൽ ഫോൺ ലഭിച്ച മൂന്നു പേരെ കണ്ടെത്താൻ കഴിഞ്ഞു. ഒരാൾ മൻ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍റെ പേഴ്‌സണൽ സ്റ്റാഫ് അംഗം എം.പി രാജീവനാണ്. നറുക്കെടുപ്പിൽ അദ്ദേഹത്തിന് മൊബൈൽ ഫോൺ ലഭിച്ചത് ഞാൻ അപരാധമായി കാണുന്നില്ല. കാരണം അദ്ദേഹം ചോദിച്ച് വാങ്ങിച്ചതല്ല. നറുക്കെടുപ്പിൽ കിട്ടിയതാണ്. അദ്ദേഹം ഇപ്പോൾ അസിസ്റ്റന്‍റ് പ്രോട്ടോകോൾ ഓഫീസറാണ്. മൊബൈൽ ഫോൺ, വാച്ചുകൾ, വിമാന ടിക്കറ്റുകൾ ഒക്കെ പലർക്കും നറുക്കെടുപ്പിൽ കിട്ടി. എല്ലാം വിതരണം ചെയതത് ഞാനല്ല. എന്‍റെ പേഴ്‌സണൽ സ്റ്റാഫ് ഹബീബിനും അക്കൂട്ടത്തിൽ ഒരു വാച്ച് കിട്ടി. അത് അദ്ദേഹം എന്നെ അറിയിച്ചു. അതിൽ ഒരു അപകാതയും ഞാൻ കാണുന്നില്ല. അത് നറുക്കെടുപ്പിൽ കിട്ടിയതാണ്.
ഞാൻ ഫോൺ വാങ്ങിച്ചിട്ടുമില്ല. എനിക്ക് ആരും തന്നിട്ടുമില്ല. കോടിയേരി ബാലകൃഷ്ണൻ ഇന്നലെ ഞാൻ പ്രോട്ടോക്കോൾ ലംഘനം നടത്തിയെന്നാണ് പറഞ്ഞത്. പ്രോട്ടോക്കോൾ ലംഘനമില്ലെന്ന് ഉറപ്പു വരുത്തേണ്ട രാജീവൻ ഈ ചടങ്ങിൽ പങ്കെടുത്തില്ലേ?. മൂന്ന് ഫോൺ ലഭിച്ചവരുടെ വിശദാംശങ്ങളെ ലഭിച്ചിട്ടുള്ളൂ. മറ്റ് ഫോണുകൾ എവിടെ?. ബിൽ വിശദാംശവും ഐഎംഇഐ നന്പറും സഹിതം ആർക്കൊക്കെയാണ് ഫോൺ കിട്ടിയതെന്ന് കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് ഡിജിപിക്ക് കത്ത് കൊടുത്തിട്ടുണ്ട്. ഇന്ന് രാവിലെയും ഞാൻ ഇക്കാര്യം ആവശ്യപ്പെട്ട് അദ്ദേഹത്തെ വിളിച്ചിരുന്നു.”ചെന്നിത്തല വ്യക്തമക്കി.