നീതുവിനെ കണ്ടെത്താൻ നിയമപരമായി നീങ്ങുമെന്ന് അനിൽ അക്കര

തിരുവനന്തപുരം: ആരാണ് നീതു ജോൺസൺ മങ്കര എന്നറിയാൻ എം.എൽ.എ അനിൽ അക്കരയും, എം.പിയായ രമ്യാഹരിദാസും കൗൺസിലർ സൈറാബാനു ടീച്ചറും വടക്കാഞ്ചേരി മങ്കരയിലെ റോഡരികിൽ രണ്ട് മണിക്കൂറാണ് കാത്തിരുന്നത്. കാത്തിരിപ്പ് വിഫലമായതോടെ നീതുവിനെ തെരഞ്ഞ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരിക്കുകയാണ് അനിൽ അക്കര. നീതുവിനെ കാണാനില്ലാത്തതിനാൽ കോടതിയിൽ ഹേബിയസ് കോർപ്പസ് റിട്ട് ഫയൽ ചെയ്യാനാണ് അനിൽ അക്കരയുടെ നീക്കം. ഹേബിയസ് കോർപ്പസ് ഫയൽ ചെയ്യാൻ പൊലീസ് റിപ്പോർട്ട് വേണം. അതിനാലാണ് പരാതി നൽകിയതെന്നാണ് എം.എൽ.എ പറയുന്നത്.
സൈബർ സഖാക്കളാണ് നീതു ജോൺസന്റെ പേരു പറഞ്ഞുളള സന്ദേശം സമൂഹ മാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിപ്പിച്ചതെന്ന് എം.എൽ.എ കുറ്റപ്പെടുത്തി.