സമൂഹ മാധ്യമങ്ങളിലൂടെയുള്ള അശ്ലീല പരാമർശം; വിജയ്. പി. നായർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തും
തിരുവനന്തപുരം: സമൂഹമാധ്യമങ്ങളിലൂടെ സ്ത്രീകളെ അധിക്ഷേപിച്ച വിജയ്. പി. നായർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തും. ഐ.ടി നിയമത്തിലെ 67, 67(എ) വകുപ്പുകൾ ചുമത്താനാണ് തീരുമാനം. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ സൈബർ സെല്ലിന്റെ നിർദേശപ്രകാരമാണ് നടപടി. അതേസമയം വിജയ്. പി. നായരുടെ ഡോക്ടറേറ്റ് വ്യാജമെന്ന ആരോപണവും പൊലീസ് പരിശോധിക്കും.
വിജയ്. പി. നായർക്കെതിരെ മ്യൂസിയം പൊലീസ് േസ്റ്റഷനിൽ ശ്രീലക്ഷ്മി അറക്കൽ നൽകിയ പരാതിയിലാണ് ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുക്കാൻ പൊലീസ് തീരുമാനിച്ചത്. ഐ.ടി ആക്റ്റ് ചുമത്തുന്ന കാര്യത്തിൽ പൊലീസ് നേരത്തെ നിയമോപദേശം തേടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഐ.ടി നിയമത്തിലെ 67, 67 (എ) വകുപ്പുകൾ ചുമത്തുന്നത്. ഇലക്രോണിക് മാധ്യമങ്ങളിലൂടെ ലൈംഗിക ചുവയുള്ള അധിക്ഷേപങ്ങൾ പ്രചരിപ്പിച്ചുവെന്നാണ് കേസ്. ഇതനുസരിച്ചു കുറ്റം തെളിഞ്ഞാൽ അഞ്ചു വർഷം വരെ തടവും പത്തുലക്ഷം രൂപ പിഴയും ലഭിക്കും. കേസിൽ കർശന നടപടി സ്വീകരിക്കാൻ ഇന്നലെ മുഖ്യമന്ത്രി നിർദേശം നൽകിയിരുന്നു.
