പന്പ മണൽക്കടത്തിൽ അഴിമതി: കോടതിയെ സമീപിക്കുമെന്ന് ചെന്നിത്തല


തിരുവനന്തപുരം: പന്പ മണൽകടത്തലിൽ അഴിമതിയുണ്ടെന്നും കോടതിയെ സമീപിക്കുമെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. സർക്കാർ വിജിലൻസിന്റെ പല്ല് പൊഴിച്ചു. മണൽക്കടത്ത് വിജിലൻസ് അന്വേഷിക്കുന്നില്ലെങ്കിൽ കോടതിയെ സമീപിക്കാനാണ് തീരുമാനം. ഒരു പരാതിയിലും വിജിലൻസ് അന്വേഷണം നടക്കുന്നില്ല.

വിജിലൻസിനെ വന്ധ്യംകരിച്ച സർക്കാരാണിതെന്നും അദ്ദേഹം ആരോപിച്ചു. പന്പ മണലെടുപ്പിൽ വിജിലൻസ് അന്വേഷണം വേണ്ടെന്ന് സർക്കാർ തീരുമാനമെടുത്തിരുന്നു. അന്വേഷണം വേണമെന്ന പ്രതിപക്ഷ നേതാവിന്റെ ആവശ്യം സർക്കാർ തള്ളിയ സർക്കാർ,  മണൽനീക്കം ദുരന്തനിവാരണ നിയമപ്രകാരമുളള നടപടിയെന്നാണ് വിശദീകരിക്കുന്നത്.

പ്രളയത്തെ തുടർന്ന് അടിഞ്ഞുകൂടിയ മണ്ണ് പന്പ ത്രിവേണിയിൽ നിന്ന് നീക്കം ചെയ്യാൻ കേരള ക്ലേയ്സ് ആന്റ് സെറാമിക്സ് പ്രൊഡക്ട്സ് ലിമിറ്റ‍ഡിന് അനുമതി നൽകിയിരുന്നു. അനുമതിയുടെ മറവിൽ ക്ലേസ് ആൻ‍ഡ് സെറാമിക്സ് സ്വകാര്യ കന്പനികൾക്ക് മണൽ മറച്ച് വിൽക്കുന്നുവെന്നായിരുന്നു ആക്ഷേപം. അനുമതി നൽകിയുള്ള പത്തനംതിട്ട ജില്ലാ കളക്ടറുടെ നടപടിയിൽ അഴിമതിയുണ്ടെന്നാണ് പ്രതിപക്ഷനേതാവിന്റെ ആക്ഷേപം

You might also like

Most Viewed