സ്വപ്നയും സന്ദീപും റിമാൻഡിൽ; പ്രതികളെ കോവിഡ് കെയർ സെന്‍ററിലേക്ക് മാറ്റും
കൊച്ചി: തിരുവനന്തപുരം സ്വർണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും എൻഐഎ കോടതി റിമാൻഡ് ചെയ്തു. 14 ദിവസത്തേയ്ക്കാണ് പ്രതികളെ റിമാൻഡ് ചെയ്തത്. സ്വപ്ന സുരേഷിനെ തൃശൂരിലെ കോവിഡ് കെയർ സെന്‍ററിലേക്കും സന്ദീപ് നായരെ അങ്കമാലിയിലെ കോവിഡ് കെയർ സെന്‍ററിലേക്കും മാറ്റും. പ്രതികളുടെ കോവിഡ് സാന്പിൾ പരിശോധന ഫലം ലഭിക്കാത്തതിനാൽ കസ്റ്റഡി അപേക്ഷ കോടതി പരിഗണിച്ചില്ല. ഇവരുടെ കോവിഡ് പരിശോധന ഫലം ലഭിച്ചശേഷം കസ്റ്റഡി അപേക്ഷ പരിഗണിക്കാമെന്നും കോടതി അറിയിച്ചു.
തിങ്കളാഴ്ച പ്രതികളുടെ കോവിഡ് പരിശോധന ഫലം ലഭിക്കുമെന്നാണ് വിവരം. കോവിഡ് ഫലം നെഗറ്റീവായൽ പ്രതികളെ തിങ്കളാഴ്ച തന്നെ കസ്റ്റഡിയിൽ വാങ്ങാനുള്ള നീക്കത്തിലാണ് എൻഐഎ. സ്വപ്നയെയും സന്ദീപിനെയും ബംഗളൂരുവിൽനിന്ന് ശനിയാഴ്ച വൈകുന്നേരമാണ് എൻഐഎ പിടികൂടിയത്. ഇവരെ ഇന്ന് റോഡ് മാർഗം കേരളത്തിൽ എത്തിക്കുകയായിരുന്നു. തിരുവനന്തപുരത്തുനിന്നു കാറിൽ തെങ്കാശി വഴി തമിഴ്നാട്ടിലേക്കു കടന്ന ഇരുവരും പിന്നീട് ബംഗളൂരുവിലെത്തി ഒളിച്ചു താമസിക്കുകയായിരുന്നു.

