കോവിഡ്: കോളേജുകളിൽ സീറ്റ് വർദ്ധിപ്പിക്കാൻ അനുമതി; ബിരുദ കോഴ്സുകളിൽ 70 സീറ്റ് വരെ
തിരുവനന്തപുരം: സംസ്ഥാനത്തെ കോളേജുകളിൽ സീറ്റ് വർദ്ധിപ്പിക്കാന്‍ സർക്കാർ അനുമതി നൽകി. ബിരുദ കോഴ്‌സുകൾക്ക് 70 സീറ്റ് വരെ വർദ്ധിപ്പിക്കാം. ബിരുദാനന്തര ബിരുദത്തിന് സയൻസ് വിഷയങ്ങളിൽ 25, ആർട്‌സ്− കൊമേഴ്‌സ് വിഷയങ്ങൾക്ക് 30 സീറ്റ് വരെയും ഓരോ കോളേജുകൾക്കും വർദ്ധിപ്പിക്കാം. കോവിഡിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് സീറ്റ് വർദ്ധിപ്പിക്കാൻ തീരുമാനിച്ചത്.
സർക്കാരിന് അധിക സാന്പത്തിക ബാധ്യത ഉണ്ടാകരുതെന്ന നിർദ്ദേശവും ഉന്നത വിദ്യാഭ്യാസ വകുപ്പ് ഇറക്കിയ ഉത്തരവിലുണ്ട്. കോവിഡ് സാഹചര്യങ്ങളിൽ മറ്റു സംസ്ഥാനങ്ങളിലേക്ക് ബിരുദ പഠനത്തിനായി ഇനി കേരളത്തിലെ വിദ്യാർഥികൾ പോകുന്നത് കുറയും. കേരളത്തിലെ സർവ്‍വകലാശാലകളും കോളേജുകളും ഉയർന്ന നിലവാരം പുലർത്തുന്നു. സംസ്ഥാനത്തെ കോളേജുകളിൽ കൂടുതൽ കുട്ടികൾ പ്രവേശനം നേടാൻ ആഗ്രഹിക്കുന്ന സാഹചര്യത്തിലാണ് സീറ്റ് വർദ്ധിപ്പിക്കാനുള്ള അനുവാദമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.

