പ്രവാസികളോട് കേന്ദ്ര- കേരള സർക്കാറുകൾ കാണിക്കുന്ന നെറികേടിനെതിരെ കെഎംസിസി കോര്‍ഡിനേഷന്‍ കമ്മിറ്റി പ്രക്ഷോഭത്തിന്
കോഴിക്കോട്:
കോവിഡ് കാലത്ത് തിരിച്ചുവരുന്ന പ്രവാസികളോടുള്ള കേന്ദ്ര- കേരള സർക്കാരുകളുടെ നെറികേടിനും അവഗണനക്കുമെതിരെ വിവിധ ഗൾഫ് രാഷ്ട്രങ്ങളിൽ ജോലി ചെയ്യുന്നവരും ഇപ്പോൾ നാട്ടിലുള്ളതുമായ കോഴിക്കോട് ജില്ലാ കെ.എം.സി.സി ഭാരവാഹികളുടെ കോ- ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രക്ഷോഭം സംഘടിപ്പിക്കുന്നു.
കഴിഞ്ഞ മൂന്ന് മാസത്തിലേറെയായി ജോലി നഷ്ടപ്പെട്ടവർ, വിസ കാലാവധി കഴിഞ്ഞവർ, ചില മാറാരോഗങ്ങൾക്ക് അടിമപ്പെട്ട് ചികിത്സ പോലും ലഭിക്കാത്തവർ തുടങ്ങി നിരവധി കാരണങ്ങളാൽ പ്രയാസത്തിലായ ഗൾഫ് പ്രവാസികളുടെ നാട്ടിലേക്കുള്ള തിരിച്ച് വരവ് പ്രതിസന്ധിലായിരിക്കുകയാണെന്നും, ഇത്തരമൊരു സാഹചര്യത്തിൽ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ കൂടുതൽ ഉണർന്ന് പ്രവർത്തിക്കണം എന്നതാണ് ഈ പ്രക്ഷോഭത്തിൽ ഉന്നയിക്കുന്ന പ്രധാന ആവശ്യം.
കോവിഡ് ബാധിച്ചു വിദേശത്ത് മരണപ്പെടുന്നവരുടെ ആശ്രിതർക്ക് 10 ലക്ഷം രൂപ ധന സഹായം നൽകുക, തൊഴിൽ നഷ്ടപ്പെട്ട് തിരികെ വരുന്നവരുടെ പുനരധിവാസം ഉറപ്പ് വരുത്തുക, വിവേചനം അവസാനിപ്പിച്ച് നിർബന്ധിത ക്വാറന്റയ്ൻ എല്ലാ പ്രവാസികൾക്കും പൂർണമായും സൗജന്യമാക്കുക, കോവിഡ് 19ൻ്റെ പാശ്ചാതലത്തിൽ നാട്ടിലുള്ള പ്രവാസികൾക്ക് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച 5000 രൂപ സഹായം അടിയന്തിരമായി വിതരണം ചെയ്യുക എന്നീ മുദ്രാവാക്യങ്ങളാണ് കെ.എം.സി.സിയുടെ പ്രതിഷേധ സമരത്തിൽ ഉയർത്തുന്നത്.
പ്രവാസികളുടെ വിഷയത്തിൽ അധികാരികളുടെ കണ്ണു തുറപ്പിക്കുകയെന്ന ലക്ഷ്യത്തോടെ നാളെ ( ജൂൺ 9, ചൊവ്വാഴ്ച) കോഴിക്കോട് കലക്ട്രേറ്റിന് മുമ്പിൽ കെ.എം.സി.സി ധർണ്ണ നടത്തും. മുസ്ലീം ലീഗ് സംസ്ഥാന, ജില്ലാ നേതാക്കൾ പങ്കെടുക്കും
പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ മുനീർ, ഉമ്മർ പാണ്ടികശാല, പാറക്കൽ അബ്ദുല്ല എം.എൽ.എ, എളേറ്റിൽ ഇബ്രാഹിം, കെ.എം.സി.സി നേതാക്കളായ ഒ.കെ ഇബ്രാഹിം, ടി. ഹാഷിം, ശംസുദ്ദീൻ വെള്ളികുളങ്ങര, കെ.പി.മുഹമ്മദ്, ഒ.പി.ഹബീബ്, ഹമീദ് വൈക്കിലശ്ശേരി, നിസാർ വെള്ളികുളങ്ങര, നസീർ കുനിയിൽ, പി.കെ ജമാൽ, സുബൈർ വള്ളിക്കാട്, എന്നിവർ
ഇത് സംബന്ധിച്ച് വിളിച്ച് ചേര്‍ത്ത പത്രസമ്മേളനത്തിൽപങ്കെടുത്തു.