എസ്.എസ്.എൽ.സി പരീക്ഷാഫലം ജൂലൈ ആദ്യ വാരത്തിൽ പുറത്തുവരും

തിരുവനന്തപുരം: സംസ്ഥാനത്തെ പത്താം തരം പരീക്ഷാ ഫലം ജൂലൈ ആദ്യ ദിവസങ്ങളിൽ പ്രഖ്യാപിക്കും. ഇതിന്റെ പിന്നാലെ ഹയർ സെക്കന്ററി പരീക്ഷാ ഫലവും പുറത്തുവിടും. കഴിഞ്ഞ തിങ്കളാഴ്ചയാണ് സംസ്ഥാനത്തെ പത്താം തരം രണ്ടാംഘട്ട മൂല്യനിർണയം ആരംഭിച്ചത്. ഈ മാസം അവസാനത്തിൽ തന്നെ മൂല്യനിർണയം പൂർത്തിയാക്കും. പല മൂല്യനിർണയ ക്യാന്പുകളിലും അധ്യാപകർ കുറവാണ്. അതിനാൽ തന്നെ പതുക്കെയാണ് മൂല്യനിർണയം മുന്നോട്ടു പോകുന്നത്.
ടാബുലേഷനും മാർക്ക് ഒത്തുനോക്കലും നടത്തേണ്ടതായുണ്ട്. അതിനും ഒരാഴ്ച സമയം വേണം. ശേഷം ജൂലൈ ആദ്യ ആഴ്ചയിൽ തന്നെ ഫലം പ്രഖ്യാപിക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അധികൃതർ.
കൊവിഡ് വ്യാപനം കാരണം മാറ്റിവച്ചിരുന്ന പത്താം തരം, ഹയർസെക്കന്ററി പരീക്ഷകൾ നടത്തിയത് കഴിഞ്ഞ മാസത്തിലായിരുന്നു. പരീക്ഷകൾ നീട്ടിവച്ചതിനാൽ പ്രതിസന്ധിയിലായിരുന്നു വിദ്യാർത്ഥികൾ. പത്താം തരം, ഹയർ സെക്കൻഡറി ഫലങ്ങൾ പുറത്തുവരുന്നതോടെ വിദ്യാർത്ഥികളുടെ ഭാവി പഠനത്തിനുള്ള ആശങ്ക നീക്കാനും സാധിക്കും.