സംസ്ഥാനത്ത് ഓൺലൈൻ ക്ലാസുകൾ നാളെ മുതൽ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂളുകളിലും കോളജുകളിലും ഓൺലൈൻ ക്ലാസുകൾ നാളെ മുതൽ ആരംഭിക്കും. സ്‌കൂളുകളിൽ വിക്ടേഴ്‌സ് ചാനൽ വഴിയും കോളജുകളിൽ വിവിധ ഓൺലൈൻ ആപ്ലിക്കേഷനുകളുപയോഗിച്ചുമായിരിക്കും ക്ലാസുകൾ നടക്കുക. ടിവിയോ മൊബൈലോ ഇല്ലാത്ത കുട്ടികൾക്ക് പഠനം മുടങ്ങാതിരിക്കാനുള്ള നടപടികൾ സ്‌കൂളുകളിലെ പ്രധാനാദ്ധ്യപകർ സ്വകരിക്കണം.
സ്‌കൂളുകളിൽ ഓരോ ക്ലാസുകാർക്കും പ്രത്യക സമയക്രമം നിശ്ചയിച്ചായിരിക്കും പഠനം നടത്തുക. സമയക്രമം സംബന്ധിച്ച വിവരങ്ങൾ ഇന്ന് പുറത്തിറക്കും. ഇതിനു പുറമേ വിദ്യാർത്ഥികൾക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ഓൺലൈൻ പഠന ക്ലാസുകൾ യൂട്യൂബിൽ നിന്ന് കാണാനും ഡൗൺലോഡ് ചെയ്യാനുമുള്ള സൗകര്യം ഏർപ്പെടുത്തും.സ്‌കൂളുകൾ തുറക്കുന്നതുവരെ അദ്ധ്യാപകർ സ്‌കൂളിൽ എത്തേണ്ടതില്ല. വിദഗ്ധർ നയിക്കുന്ന ക്ലാസുകളെക്കുറിച്ച് അദ്ധ്യാപകർക്ക് കുട്ടികളുമായി വാട്‌സാപ്പ് ഗ്രൂപ്പിൽ വിലയിരുത്തൽ നടത്താം.
കോളേജുകളിൽ സൂം, ഗൂഗിൾ മീറ്റ് തുടങ്ങിയ വിവിധ വിഡിയോ ആപ്ലിക്കേഷനുകൾ വഴിയായിരിക്കും ക്ലാസുകൾ നടക്കുക. അതാത് ജില്ലകളിലെ അദ്ധ്യാപകർ റൊട്ടേഷൻ അടിസ്ഥാനത്തിൽ കോളേജുകളിലെത്തണം. നിലവിലുള്ള സാഹചര്യം കണക്കിലെടുത്ത് ഓൺലൈൻ ക്ലാസുകൾ ഈ മാസം മുഴുവൻ തുടരാനാണ് സാധ്യത.